പ്രളയശേഷം വീട്ടിലേക്ക് മടങ്ങാനാകാതെ അഞ്ച് കുടുംബങ്ങള്‍

കോഴിക്കോട് കോടഞ്ചേരി കൂരോട്ടുപാറയില്‍ പ്രളയക്കെടുതില്‍പ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് ഇപ്പോഴും വീട്ടിലേക്ക് മടങ്ങാനായിട്ടില്ല. സ്വകാര്യ ജലവൈദ്യുതപദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകള്‍ക്ക് സമീപം മണ്ണിടിച്ചിലുണ്ടായതോടെ വീടുകള്‍ അപകടഭീഷണിയിലായി. വേഗത്തില്‍ പുനരധിവാസം ഉറപ്പാക്കുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനവും നടപ്പായില്ല.

മൂന്ന് വീടുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും തകര്‍ന്നു. വൈദ്യുതോല്‍പാദന പ്ലാന്റിലേക്ക് ജലമെത്തിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ കടന്നുപോകുന്ന സ്ഥലത്ത് വ്യാപക മണ്ണിടിച്ചിലുണ്ടായി. ചിലയിടങ്ങള്‍ ഇപ്പോഴും അപകടഭീഷണിയിലാണ്. പലരുടെയും കൃഷിയിടങ്ങള്‍ മണ്ണെടുത്തു. ഇതോടെയാണ് കൂരോട്ടുപാറയിെല കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയത്. 

മഴ മാറിയെങ്കിലും വീടിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ വൈകുന്നതാണ് പലരുടെയും മടക്കം മുടങ്ങിയത്. പഞ്ചായത്തിന്റെ സഹായവാഗ്ദാനവും നടപ്പായില്ല. പുതിയ വീടുള്‍പ്പെടെയുള്ള സഹായം നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും വാക്കിലൊതുങ്ങി. മഴകനത്താല്‍ പ്രതിസന്ധി കൂടുമെന്നും ആശങ്കയുണ്ട്. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ ഇവര്‍ക്ക് കാര്യമായ സഹായം വേണ്ടിവരും. അപകടസാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടയിലും ചിലര്‍ വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.