കാലവര്‍ഷക്കെടുതി: കര്‍ഷകര്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യം ഉയരുന്നു

കാലവര്‍ഷക്കെടുതിയില്‍ നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യം ഉയരുന്നു. വരുമാനമില്ലാതായതോടെ കര്‍ഷകരുടെ വായ്പാ തിരിച്ചടവുകളും മുടങ്ങി. പുതിയ കൃഷിയിറക്കാനും കര്‍ഷകര്‍ക്ക് പണമില്ല. 

പ്രളയത്തിലും കനത്തമഴയിലും പാലക്കാട് ജില്ലയില്‍ 63.38 കോടി രൂപയുെട നഷ്ടമുണ്ടായെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. 8484 ഹെക്ടറിലെ കൃഷി നശിച്ചു. നെല്‍കൃഷിയില്‍ മാത്രം 7204 ഹെക്ടറിലായി 28.81 കോടിയുടെ നഷ്ടം. എന്നാലിത് യാഥാര്‍ഥ്യത്തിന് വിരുദ്ധമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷി നശിച്ച പാടശേഖരങ്ങളൊന്നും സന്ദര്‍ശിച്ച് സ്ഥിതിവിവര കണക്ക് തയ്യാറാക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ നഷ്ടങ്ങളുടെ പട്ടികയില്‍ എത്ര കര്‍ഷകര്‍ ഉള്‍പ്പെട്ടെന്നും വ്യക്തമല്ല.

കാര്‍ഷികമേഖലയിലെ നഷ്ടത്തിന്റെ കണക്ക് എന്ന് തിട്ടപ്പെടുത്താനാകുമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പോലും അറിയില്ല.അതിനാല്‍ കര്‍ഷകര്‍ സര്‍ക്കാര്‍ സഹായത്തിനായി എത്രനാളിനി കാത്തിരിക്കണം.

വായ്പയെടുത്ത് കൃഷിയിറക്കുന്നവരാണ് മിക്കവരും. വിളവെടുപ്പില്‍ നിന്ന് ലഭിക്കുന്ന വരുമാനം പ്രതീക്ഷിച്ചവര്‍ക്ക് ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങും. അതിനാല്‍ താല്‍ക്കാലികാശ്വാസമെന്നോണം കര്‍ഷകര്‍ക്ക് ധനസഹായം ആവശ്യമാണ്.

പച്ചക്കറിയില്‍ 1.34 കോടി, വാഴ 25.72 കോടി , െതങ്ങ് 72 ലക്ഷം , തേയില 1.15 കോടിരൂപ എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് വിളകളുടെ നഷ്ടങ്ങളുടെ പ്രഥമീക കണക്ക്. സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ് കര്‍ഷകര്‍.