പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിന് മുന്നിലെ വീട്ടമ്മയു‍ടെ നിരാഹാരസമരം നാലാംദിവസം

മകനെ വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കോഴിക്കോട് പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിന് മുന്നില്‍ തയ്യില്‍ സ്വദേശിനി വല്‍സ നടത്തുന്ന നിരാഹാരസമരം നാലാംദിവസത്തിലെത്തി. മകന്‍ ജയ്മോന്‍ തെറ്റുകാരനല്ലെന്ന് എഴുതിനല്‍കുന്നതിനൊപ്പം ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കും വരെയും സമരം തുടരുമെന്നാണ് വല്‍സയുടെ നിലപാട്. സമരത്തിലുള്ളവരുമായി പിന്നീട് ചര്‍ച്ചയെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്. 

കാട്ടുപോത്തിനെ വേട്ടയാടിയെന്ന കുറ്റം ചുമത്തിയാണ് വല്‍സയുടെ മകന്‍ ജയ്മോനെ ഒരാഴ്ച മുന്‍പ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ജയ്മോന്‍ കുറ്റക്കാരനെന്നതിന് മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ വനംവകുപ്പിനായില്ല. കാട്ടുപോത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ക്രിത്രിമ തെളിവുകള്‍ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നാണ് സമരസമിതിയുടെ ആരോപണം. 

ജയ്മോന്റെ റിമാന്‍ഡ് കാലാവധി വൈകിട്ടോടെ അവസാനിക്കും. കൂടുതല്‍ തെളിവുകളില്ലെന്ന റിപ്പോര്‍ട്ടായിരിക്കും വനംവകുപ്പ് സമര്‍പ്പിക്കുക. അങ്ങനെയെങ്കില്‍ ജയ്മോന് ജാമ്യം ലഭിക്കും. ജയ്മോനൊപ്പം കുറ്റം നടത്തിയെന്ന് കരുതുന്ന മറ്റ് മൂന്ന് യുവാക്കളെ പിടികൂടാനും വനംവകുപ്പിനായിട്ടില്ല. ജയ്മോെനതിരായ കേസ് പിന്‍വലിക്കും വരെ നിരാഹാരം തുടരുമെന്നാണ് മാതാവിന്റെ നിലപാട്.

വനംവകുപ്പിന്റെ നിലപാട് മനസിലാക്കിയ ശേഷം സമരക്കാരുമായി ചര്‍ച്ചയാകാമെന്നാണ് ജില്ലാഭരണകൂടം പറയുന്നത്. കര്‍ഷകദ്രോഹ നടപടികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ സംഘടനകള്‍ പ്രതിഷേധത്തിന് പിന്തുണയുമായെത്തുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.