കുറ്റ്യാടി, താമരശേരി ചുരങ്ങളിലെ ഗതാഗതം പുന:സ്ഥാപിച്ചു

മണ്ണിടിച്ചിലുണ്ടായ കുറ്റ്യാടി,താമരശേരി ചുരങ്ങളിലെ  ഗതാഗതം ഏഴുമണിക്കൂറിനു ശേഷം പുന:സ്ഥാപിച്ചു.   താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്കുള്ള വിലക്ക് തുടരും

കനത്ത മഴയില്‍  പക്രംതളം ചുരത്തില്‍ മഖാമിനടുത്ത് മണ്ണിടിഞ്ഞതോടെയാണ് ഗതഗാതം മുടങ്ങിയത്.മണിക്കൂറുകള്‍ നീണ്ട അദ്ധ്വാനത്തിലൂടെ വൈകീട്ട് മണ്ണ് നീക്കി . തോരാമഴയ്ക്ക് ശമനമുണ്ടായതോടെയാണ് വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങിയത്. മഴ കനത്താല്‍ ചുരത്തില്‍  വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന്  പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് നല്‍കി.  മരുതോംകടവ്,കാവിലുംപാറ,വേളം പഞ്ചായത്തുകളിലെ നൂറിലധികം വീടുകളില്‍ വെള്ളം കയറി.അമ്പതുവീട്ടുകാെര ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 

കാവിലുംപാറയിലെ  അംഗന്‍വാടിയില്‍ രണ്ടു കുടുംബങ്ങളും നെടുതോംകരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എട്ട് ആദിവാസി കുടുംബങ്ങളും കഴിയുന്നുണ്ട്. ചെറിയ വാഹനങ്ങള്‍ മാത്രമേ  താമരശേരി ചുരം വഴി കടത്തിവിടുന്നൊള്ളൂ. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ അഞ്ചടി ഉയര്‍ത്തി. ഇതാദ്യമായാണ് ഷട്ടറുകള്‍ ഇത്രയധികം ഉയര്‍ത്തുന്നത്