കോഴിക്കോട് കഞ്ചാവ് കൈമാറിയ രണ്ട് പേർ പിടിയിൽ

കോഴിക്കോട് നഗരത്തില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് കൈമാറിയിരുന്ന രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശി ജോയി, പുറക്കാട്ടിരി സ്വദേശി ഫസല്‍ എന്നിവരാണ് പിടിയിലായത്. റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഫസലിനെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. റയില്‍വേ സ്റ്റേഷനിലും നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലും ഇവര്‍ കേന്ദ്രീകരിക്കും. യാത്രക്കാരെന്ന മട്ടില്‍ കരുതലോടെ നീങ്ങും. ഇതിനകം ലഹരി കൈമാറാന്‍ ഉദ്ദേശിക്കുന്നവരെ ഫോണില്‍ വിളിച്ച് സ്ഥലത്ത് എത്താന്‍ അറിയിക്കും. പണം കൈമാറിയാലുടന്‍ പൊതി നല്‍കി ഇടപാട് പൂര്‍ത്തിയാക്കും. മറ്റുള്ളവരുടെ ശ്രദ്ധയെത്താതിതിരിക്കുന്നതിനാണ് വില്‍പന തിരക്കേറിയ ഇടങ്ങളിലാക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെക്കണ്ട് ഫസല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ പാഞ്ഞ് പിടികൂടുകയായിരുന്നു. 

ഫസല്‍ നേരത്തെയും നിരവധിതവണ ലഹരികടത്തിന് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. കുറഞ്ഞ അളവില്‍ ലഹരി സൂക്ഷിക്കുന്നതിനാല്‍ വേഗത്തില്‍ ജാമ്യം നേടി പുറത്തിറങ്ങും. ഇത്തവണ അതിനുള്ള സാധ്യത കുറവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഓണക്കാലത്ത് ലഹരി വരവ് കൂടാനുള്ള സാധ്യത കണക്കിലെടുത്തുള്ള പ്രതിരോധം ശക്തമാക്കുന്നതിനാണ് എക്സൈസ് തീരുമാനം.