കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധനയ്ക്കായി വിദഗ്ദ സംഘമെത്തി

വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയര്‍ഇന്ത്യയുടെ വിദഗ്ധസംഘം പരിശോധനകള്‍ക്കായി കരിപ്പൂരിലെത്തി വലിയ വിമാനങ്ങള്‍ക്ക് ഈയാഴ്ച ഡി.ജി.സി.എയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

റണ്‍വേ, റിസ നവീകരണ ജോലികള്‍ പൂര്‍ത്തിയായതോടെ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കാമെന്നാണ് നേരത്തെ പരിശോധന പൂര്‍ത്തിയായ ഡി.ജി.സി.എ സംഘത്തിന്റെ വിലയിരുത്തല്‍. വിവിധ വിമാനകമ്പനികളും കരിപ്പൂര്‍ വഴി സര്‍വീസ് ആരംഭിക്കാന്‍ താല്‍പര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഏറെ ലാഭകരമായ സൗദി അറേബ്യ, യു.എ.ഇ സെക്ടറുകളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് എയര്‍ഇന്ത്യ ആലോചിക്കുന്നത്. അനുമതിക്ക് അപേക്ഷ സമര്‍പ്പിക്കും മുന്‍പ് വിമാനത്താവളത്തിലും റണ്‍വേയിലും പരിശോധന നടത്താനാണ് എയര്‍ഇന്ത്യ സംഘമെത്തുന്നത്.

വലിയ വിമാനങ്ങള്‍ക്ക് അനുമതിയായാല്‍ രണ്ടു ഡസനോളം പുതിയ വിമാനങ്ങള്‍ കരിപ്പൂര്‍ വഴി പുതുതായി സര്‍വീസ് ആരംഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പുതിയ ടെര്‍മിനല്‍ കൂടി തുറന്നു കൊടുക്കുന്നതോടെ കരിപ്പൂരില്‍ യാത്രക്കാര്‍ക്കുളള സൗകര്യങ്ങളും ഇരട്ടിയാകും.