വയനാട് കല്‍പറ്റ ബൈപാസ് റോഡിൽ ഗർത്തം; ഗതാഗതത്തിന് നിയന്ത്രണം

വയനാട് കൽപറ്റ ബൈപാസ് റോഡിൽ വല‍ിയ ഗർത്തം രൂപപ്പെട്ടു. റോഡിന് നടുവിൽ പത്തടിയോളം വ്യാസവും ആറടിയോളം താഴ്ചയുമുള്ള ഗർത്തമാണ്‌ ഉണ്ടായത്. ഇത് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.മൈലാടി പാറക്കു സമീപമാണ് റോഡിന് നടുവിൽ ഗർത്തം രൂപപ്പെട്ടത്. കുഴിയിൽ വീണ യാത്രക്കാരിൽ ഒരാൾ നിസ്സാര  പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിന്റെ നടുവിൽ ഗർത്തമ‍ുണ്ടായതോടെ ബൈപാസ് വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗർത്തത്തിന് ചുറ്റും പെ‍ാലീസ് സുരക്ഷാവേലി സ്ഥാപിച്ചു. 

കല്പറ്റ എം.എൽ.എ സി.കെ. ശശീന്ദ്രൻ സ്ഥലം  സന്ദർശിച്ചു. കുഴി നികത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

കൽപറ്റയിലെ  ട്ര‍ാഫിക് പരിഷ‍്കാരത്തിന്റെ  ഭാഗമായി വലിയ വാഹനങ്ങൾ ഉൾപ്പെടെ കൂടുതൽ വാഹനങ്ങൾ ബൈപാസ് വഴി വിടാൻ ആരംഭിച്ചിരുന്നു. റോഡിൽ ഗർത്തം രൂപപ്പെട്ടതോടെ വലിയ വാഹനങ്ങൾ ബൈപാസ് വഴി പോകുന്നത് നിരോധിച്ചു. കുഴി അടക്കാൻ ഉടൻ  നടപടി സ്വീകരിച്ചില്ലെങ്കിൽ  ഗതാഗതക്കുരുക്ക‍് വർധിക്കാനും സാധ്യതയുണ്ട്.