മാനത്ത് മഴക്കാറ് കണ്ടാൽ ഇവർ വീടിന് പുറത്തിറങ്ങില്ല, ദുരിതത്തിൽ മാവൂരിലെ കുടംബങ്ങൾ

മാനത്ത് മഴക്കാറ് കണ്ടാല്‍പ്പിന്നെ കോഴിക്കോട് മാവൂര്‍ നായര്‍കുഴി ഭാഗത്തെ അന്‍പതിലധികം കുടുംബങ്ങള്‍ വീടിന് പുറത്തിറങ്ങാറില്ല. ഇരുവഞ്ഞിപ്പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം സമീപത്തെ പാടവും കടന്ന് ഇവരുടെ വീടിന്റെ പടിവരെയെത്തിയിരിക്കും. വര്‍ഷങ്ങളായി തുടരുന്ന ദുരിതം കാണാന്‍ പലരും വന്നുപോകുന്നതല്ലാതെ നടപടിയില്ല. 

വയലും റോഡുമായി അരയടി മാത്രമാണ് വ്യത്യാസം. മൂന്നടി ഉയര്‍ത്തി റോഡ് നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ചതാണ് ദുരിതപ്പെയ്ത്ത് സമ്മാനിച്ചത്. ഒരുദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ ഇരുവഞ്ഞിപ്പുഴയിലെ വെള്ളമൊഴുക്ക് ഈ പ്രദേശത്തേക്ക് വ്യാപിക്കും. റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലാകും. നടന്നുപോകാന്‍ പോലും വഴിയില്ലാത്ത സാഹചര്യത്തില്‍ നായര്‍കുഴിയിലെ വീട്ടുകാര്‍ ഒറ്റപ്പെടും. ഓരോ മഴക്കാലത്തും ഈ ഭാഗത്ത് വെള്ളക്കെട്ടുണ്ടാകും. പലരും പ്രഖ്യാപനം നടത്തി മടങ്ങുമെങ്കിലും വെള്ളമിറങ്ങുന്നതിന് പിന്നാലെ വാഗ്ദാനവും മറക്കും. പലതവണ പരാതി നല്‍കിയെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിനോ കടത്തുവള്ളം ഏര്‍പ്പെടുത്തുന്നതിനോ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലെന്നാണ് പരാതി. 

------------------------------------------------------------------------------------------------