നിപ്പ വൈറസ് ബാധ; കോഴിക്കോട് നഗരത്തിലെ കടകളില്‍ പരിശോധന കർശനം

നിപ്പാവൈറസ് ഭീതിയെത്തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ കടകളില്‍ പരിശോധന കര്‍ശനമാക്കുന്നു.  നഗരസഭയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് കൂള്‍ബാറുകളിലും ഹോട്ടലുകളിലുമാണ് പരശോധന നടത്തിയത്. മഴക്കാലമെത്തുന്നതിനുമുന്‍പ് നഗരം പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.

നഗരസഭാ പരിധിയിലുള്ള നാല്‍പ്പതിലധികം ബേക്കറികളിലും കൂള്‍ബാറുകളിലുമായിരുന്നു ആദ്യഘട്ട പരിശോധന. മിക്കയിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുത്തു. നിലവാരം പുലര്‍ത്താത്ത ലഘുഭക്ഷണകടകള്‍ക്കും ജ്യൂസ് കടകള്‍ക്കും നോട്ടിസ് നല്‍കി.  നിപ്പാവൈറസ് പടരുന്ന സാഹചര്യത്തില്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് രാത്രികാല പരിശോധനയും നഗരസഭ നടപ്പാക്കുന്നുണ്ട്. 

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഒാടകളില്‍ കെട്ടിക്കിടക്കുന്ന ചെളിയും മറ്റും നിപ്പാവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ല പൂര്‍ണമായും മാലിന്യമുക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് കൂള്‍ബാറുകളിലും ഹോട്ടലുകളിലും ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നത്.