അനായാസസുന്ദരം!! ഇരുകൈകൊണ്ടും ബോൾ ചെയ്യുന്ന കോഴിക്കോടൻ താരം

ബാറ്റ്സ്മാനെ പ്രതിരോധത്തിലാക്കുന്ന ക്രിക്കറ്റിലെ പുതിയ താരമാണ് കോഴിക്കോടുകാരന്‍ ദേവ് മനോജ്. ഇരുകൈകൾ കൊണ്ടും മാറിമാറി ബൗൾ ചെയ്യാനുളള അനായാസ കഴിവാണ് ഇൗ പന്ത്രണ്ടുവയസുകാരന്റെ പ്രത്യേകത.

വലതുകൈകൊണ്ടു ബൗള്‍ ചെയ്യുന്നവരാണേറെയെങ്കിലും ‌ഇടതുകൈകൊണ്ടും ബൗള്‍ ചെയ്യുന്ന ഒറ്റപ്പെട്ടവരും ക്രിക്കറ്റ് മൈതാനങ്ങളിലുണ്ട്. ഇവിടെ ഇരുകൈകളിലും ബൗള്‍ വഴങ്ങുന്ന ദേവ് മനോജിന്‍റെ  പ്രകടനമാണ് വേറിട്ടതാകുന്നത്. ഇരുകൈകളിലൂടെയും മാറി മാറി വരുന്ന പന്തുകളെ നേരിടാനാകാതെ ബാറ്റ്സ്മാന്‍ പ്രതിരോധത്തിലാകുന്ന കാഴ്ച. പാലക്കാട് കോട്ടമൈതാനിയില്‍ അണ്ടര്‍ 16 ഇന്റര്‍ ഡിസ്ട്രിക്ട് മല്‍സരത്തിലും ദേവ് മികവ് പുലര്‍ത്തി. 

ആദ്യം വലതുകൈകൊണ്ടു പന്തെറിഞ്ഞു തുടങ്ങിയ ദേവ് പിന്നീട് കൃത്യമായ പരിശീലനത്തിലൂടെയാണ് ഇടതുകൈയും ബൗളിങിന്റെ ഭാഗമാക്കിയത്. കോഴിക്കോട് ക്രിക്കറ്റ് അസോസിയേഷന്റെ വേനൽകാല പരിശീലന പരിപാടിയിലൂടെയാണ് ദേവ് അണ്ടർ16 ടീമിൽ ഇടം നേടിയത്.  ദേവ് ഇപ്പോള്‍ പരിശീലിക്കുന്നത് ഫാല്‍ക്കന്‍സ് ക്രിക്കറ്റ്  അക്കാദമിയിലാണ്. 

ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ് ഈ മിടുക്കൻ. ബിസിസിഐ ലെവൽ വൺ പരിശീലകൻ മനോജ് ചന്ദ്രന്റെയും അധ്യാപികയായ കെ. രമ്യയുടെയും മകനായ ദേവ് കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളില്‍ ഏഴാംക്ലാസിലാണ് പഠിക്കുന്നത്.