കാസർകോട് മലയോരമേഖല ഡെങ്കിപ്പനി ഭീതിയിൽ

കാസര്‍കോട് ജില്ലയുടെ മലയോരമേഖല ഡെങ്കിപ്പനി ഭീതിയില്‍. വെള്ളരിക്കുണ്ട്, കൊന്നക്കാട്, മാലോം തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇടവപ്പാതിയെത്തും മുമ്പെ കാസര്‍കോടിന്റെ മലയോരം പനിച്ചുവിറയ്ക്കുകയാണ്. വിവിധ പ്രദേശങ്ങളിലായി പത്തോളംപേര്‍ക്ക് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വൈറല്‍പനിയുള്‍പപ്പെടെയുള്ള പകര്‍ച്ചപ്പനികളുമായി നിരവധിയാളുകള്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഇതിനോടകം ചികിത്സതേടി. ഈ സാഹചര്യത്തിലാണ് അടിയന്തിരമായ ഇടപെടല്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പനി പടരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണം എന്നിവ നടത്തുകയും ചെയ്യും. ജില്ലയെ ആറു മേഖലയായി തിരിച്ച് ഓരോ ബ്ലോക്കിലും ഓരോ കണ്‍വീനര്‍ ഉള്‍പ്പെടുന്ന ആയുര്‍വേദ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

കൊതുക് നശീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം ശീതളപാനിയങ്ങള്‍ കഴിവതും ഒഴിവാക്കാണമെന്നും നിര്‍ദ്ദേശമുണ്ട്. പനി ബാധിച്ചവര്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടണം. ‍കഴിഞ്ഞ വര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നിരുന്നു.