അതിജീവനത്തിനായുള്ള ആദിവാസി സമരത്തിന് ആറാണ്ട്

വയനാട് പുല്‍പ്പള്ളി ഇരുളത്ത് ആദിവാസി കുടുംബങ്ങള്‍ നടത്തുന്ന കുടില്‍ കെട്ടിസമരത്തിന് ആറു വയസ്സ്. ഭൂമി ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ പോഷകസംഘടനയായ എ.കെ.എസിന്റെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം. സമരത്തിനയച്ചവര്‍ ഭരണത്തിലേറിയിട്ടും ആദിവാസി കുടുംബങ്ങളുടെ ദുരിത ജീവിതം തുടരുകയാണ്.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയായിരുന്നു അന്നിവരെ സമരത്തിനിറക്കിയത്. ഭരണം മാറിയിട്ടും പ്രയോജനമുണ്ടായില്ല.

സ്വന്തമായി ഭൂമിവേണമെന്ന സമരക്കാരുടെ ആവശ്യം ഇതുവരെ നടപ്പിലായില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ലാത്തിടത്താണ് സമരം. കുടിവെള്ളം വളരെ ദൂരെ നിന്നും കൊണ്ടുവരണം. വന്യമൃഗങ്ങള്‍ എപ്പോഴും എത്തുന്ന ഇടത്താണ് സമരം. വൈദ്യുതിയില്ല. മരങ്ങള്‍ വീണതിനാല്‍ പല കുടിലുകളും തകര്‍ന്നു.

കുറേപ്പേര്‍ സമരഭൂമി വിട്ടുപോയി. മറ്റുള്ളവര്‍ ഇപ്പോഴും തുടരുകയാണ്. സമരരംഗത്തിറക്കിയവര്‍ അന്നുപറഞ്ഞ വാഗ്ദാനങ്ങളൊന്നും നല്‍കിയില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു.