ഫറോക്ക് നഗരസഭ ഭരണം യു.ഡി.എഫിന് നഷ്ടമായി

കോണ്‍ഗ്രസ് ലീഗ് പടലപ്പിണക്കത്തിനൊടുവില്‍ കോഴിക്കോട് ഫറോക്ക് നഗരസഭ ഭരണം യു.ഡി.എഫിന് നഷ്ടമായി. കോണ്‍ഗ്രസിന്റെ രണ്ടും ഒരു ലീഗ് വിമതനും എല്‍.ഡി.എഫിന്റെ അവിശ്വാസത്തെ പിന്തുണച്ചു. ബി.ജെ.പി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

അംഗബലം കൂടുതലുണ്ടായിരുന്നിട്ടും ഭരണം കിട്ടാതിരുന്ന എല്‍.ഡി.എഫ് ഫറോക്കില്‍ ഇത്തവണ കണക്കുതീര്‍ത്തു. കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയ ശാലിനി, മൊയ്തീന്‍കോയ മുന്‍ നഗരസഭ അധ്യക്ഷ കൂടിയായ ലീഗിലെ പി.സുഹറാബി സ്വതന്ത്ര അംഗം ഖമറു ലൈല എന്നിവരാണ് അധികാരം പിടിക്കാന്‍ എല്‍.ഡി.എഫിനെ സഹായിച്ചത്. ഇതോടെ ചെയര്‍പേഴ്സണായിരുന്ന മുസ്്ലീം ലീഗിലെ പി.റുബീനയ്ക്കും ഉപാധ്യക്ഷനായിരുന്ന കോണ്‍ഗ്രസിലെ മുഹമ്മദ് ഹസനും കസേര നഷ്ടമായി. വികസന മുരടിപ്പാണ് പിന്തുണയുെട കാരണമായി വിമതരും എല്‍.ഡി.എഫും പറയുന്നത്. 

38 അംഗ കൗൺസിലിൽ 22 പേർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. പതിമൂന്ന് ലീഗ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് പ്രതിനിധിയും ഒരു സ്വതന്ത്രനും ബി.ജെ.പി അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. നേരത്തെ പതിനെട്ട് അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നിട്ടും പതിനേഴംഗങ്ങളുള്ള യു.ഡി.എഫാണ് രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ഫറോക്ക് നഗരസഭ ഭരണം കൈയ്യാളിയിരുന്നത്. അണിയറയിലെ കലഹം പുറത്തുവന്നതോടെ പ്രദേശത്ത് കോണ്‍ഗ്രസും ലീഗും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.