ഏഴിമല നാവിക അക്കാദമിയിലെ മാലിന്യം;സമീപവാസികൾ ദുരിതത്തിൽ

കണ്ണൂർ ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽനിന്ന് സമീപത്തെ കിണറുകളിലേക്ക് വീണ്ടും  മാലിന്യം ഒഴുകുന്നതായി പരാതി. രാമന്തളി മാലിന്യവിരുദ്ധ സമരം നയിച്ച ജനാരോഗ്യ സംരക്ഷണസമിതി വീണ്ടും സമരത്തിനൊരുങ്ങുകയാണ്. 

കടുത്ത വേനലില്‍ സാധാരണ ജലനിരപ്പ് താഴുകയാണ് പതിവ്. എന്നാല്‍ രാമന്തളിയിലെ കിണറുകളില്‍ ശക്തമായ ഉറവ രൂപപ്പെട്ടിരിക്കുന്നു. നാവിക അക്കാദമയില്‍നിന്ന് ഒഴുകിവരുന്ന മാലിന്യമാണെന്നാണ് നാട്ടുകാരുടെ പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചിട്ടുണ്ട്. 

കഴിഞ്ഞവര്‍ഷം മൂന്നുമാസത്തോളം ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. എട്ടുമാസത്തിനുള്ളില്‍ പ്രശ്നപരിഹാരം കാണുമെന്ന നാവിക അക്കാദമിയുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ വാക്കുപാലിക്കാന്‍ അക്കാദമി തയ്യാറായില്ലെന്നാണ് ആക്ഷേപം.