കോഴിക്കോട് ഹൈടെക് ശുചിമുറി പദ്ധതിയുമായി കോര്‍പ്പറേഷൻ

കോഴിക്കോട് നഗരത്തില്‍ ഹൈടെക് ശുചിമുറി നിര്‍മാണവുമായി കോര്‍പ്പറേഷന്‍. സ്വച്ഛ് ഭാരത് മിഷനും സംസ്ഥാന ശുചിത്വമിഷനുമായി സഹകരിച്ചാണ് നിര്‍മാണം. എണ്‍പത്തിയാറ് ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്.

സെന്‍സര്‍ ഉപയോഗിച്ചുള്ള ആധുനിക ശുചിമുറി സംവിധാനം. നഗരത്തില്‍ ഒന്‍പതിടങ്ങളിലായി 89 ശുചിമുറികളാണ് സ്ഥാപിക്കുന്നത്. പാവങ്ങാട് ബസ്ബേ, സിറ്റി ബസ് സ്റ്റാന്‍ഡ്, സൗത്ത് ബീച്ച്, മലാപ്പറമ്പ് ബൈപ്പാസ് തുടങ്ങി തിരക്കേറെയുള്ള ഇടങ്ങളിലാവും നിര്‍മാണം. പദ്ധതിയുടെ വിശദമായ രൂപരേഖ സംസ്ഥാന ശുചിത്വമിഷന് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചു. ഷെല്‍റ്റര്‍ സംവിധാനം എന്ന തലത്തിലേക്ക് പദ്ധതിയെ വ്യാപിപിക്കാനും ആലോചനയുണ്ട്. ശുചീകരണത്തിനായി പ്രത്യേകം തൊഴിലാളികളെ നിയമിക്കും.

ടോയ്‌ലറ്റ് കോംപ്ലക്സിനായി 35 ശതമാനം തുക കേന്ദ്രവും 30 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കും. നഗരത്തില്‍ മികച്ച ശുചിമുറി സംവിധാനങ്ങളില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നതായ പരാതി വ്യാപകമായിരുന്നു. ഇതെത്തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പുതിയ പദ്ധതി.