അമ്മയ്ക്ക് ചികിത്സ നിഷേധിച്ചതിൽ പ്രതിഷേധിച്ച് മകന്റെ സമരം

ചികില്‍സ നിഷേധിച്ചെന്നാരോപിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍  യുവാവിന്റെ ഒറ്റയാള്‍ സമരം. വെസ്റ്റ് ഹില്‍ സ്വദേശി സുകേഷാണ് അമ്മയ്ക്ക് ചികില്‍സ നിഷേധിച്ചെന്നാരോപിച്ച് ആശുപത്രിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് ജനം പ്രതികരിച്ച് തുടങ്ങിയത്. താല്‍കാലിക അടിസ്ഥാനത്തില്‍  ക്രമീകരിച്ച ജനറല്‍ ഒ.പിയിലെ ഡോക്ടറെ കൂടി പിന്‍വലിച്ചായിരുന്നു ഇന്നത്തെ സമരം. രാവില മുതല്‍ രോഗികള്‍ വലഞ്ഞു.ഉച്ചയോടെയാണ് കാലിലെ മുറിവില്‍  അണുബാധയുണ്ടായ അമ്മയെയെയും കൂട്ടി സുകേഷ് ആശുപത്രിയിലെത്തിയത്. നേരത്തെ ചികില്‍സിച്ച ഡോക്ടറില്ലാത്തിനാല്‍ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന്  അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നവര്‍ നിലപാട് എടുത്തു. ഇതോടെ സുകേഷ് സമരം തുടങ്ങി.

ആശുപത്രി കവാടത്തില്‍ കുത്തിയിരുന്നു. നേരത്തെ പരിശോധിച്ച ഡോക്ടര്‍ വരണമെന്നായി ആവശ്യം. സമരം നീണ്ടുപോയതോടെ എം.കെ രാഘവന്‍ എം.പി ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി.അത്യാഹിത വിഭാഗത്തില്‍ തന്നെ അമ്മയെ ചികില്‍സിക്കാമെന്ന് ഉറപ്പ് കിട്ടിയതോടെ  സുകേഷ് സമരം അവസാനിപ്പിച്ചു