ഹോളി ആഘോഷത്തിനിടയിൽ അക്രമം; വിദ്യാർഥിസമരം അവസാനിപ്പിച്ചു

ഹോളി ആഘോഷത്തിനിടെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്  കോഴിക്കോട് ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അന്വേഷണം പ്രഖ്യാപിക്കുകയും വിദ്യാര്‍ഥികളുടെ പേരില്‍ നടപടിയുണ്ടാകില്ലെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കുകയും ചെയ്ത സാഹചര്യത്തിലാണിത്.  

ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാവിലെ മുതല്‍  വിദ്യാര്‍ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്.വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കോളേജ് മാനേജ്മെന്റ് അംഗീകരിച്ചതോെടയാണ് സമരം അവസാനിപ്പിച്ചത്. ആരോപണവിധേയരായ അധ്യാപകരെ മാറ്റിനിര്‍ത്തി പുതിയ അന്വേഷണ കമ്മീഷന്‍ പ്രഖ്യാപിച്ചു.വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും മാനേജ്മെന്റ് ഉറപ്പ് നല്‍കി.നിലവിലെ അച്ചടക്ക സമിതി പിരിച്ചുവിട്ട് പുതിയ സമിതി രൂപീകരിക്കാനും തീരുമാനമായി.പ്രത്യേക സ്റ്റാഫ് കൗണ്‍സില്‍ േചര്‍ന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചത് 

ക്യാംപസില്‍ ഹോളി ആഘോഷം വിലക്കി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആരോപണം.മര്‍ദ്ദനത്തില്‍ പരിക്കേറ്റ പത്തിലധികം വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.