നിയമങ്ങള്‍ കാറ്റില്‍ പറത്തി കൂടരഞ്ഞിയില്‍ മലയിടിച്ച് ഫ്ലാറ്റ് നിര്‍മാണം

പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി കോഴിക്കോട് കൂടരഞ്ഞിയില്‍ മലയിടിച്ച് ഫ്ലാറ്റ് നിര്‍മാണം. പഞ്ചായത്തിന്‍റെ പോലും അനുമതി തേടാതെയാണ് ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

  

വനത്തോട് ചേര്‍ന്നു കിടക്കുന്ന മല പൂര്‍ണമായും ഇടിച്ചു നിരത്തിയാണ് നിര്‍മാണം. പ്രദേശത്ത് എത്തുന്നതിന് വേണ്ടി വനത്തിലൂടെ ഒരു കിലോമീറ്ററോളം പുതിയ റോഡും ഉണ്ടാക്കിയിട്ടുണ്ട്. വനം വകുപ്പ് സ്ഥാപിച്ച ജണ്ടകള്‍ പോലും തകര്‍ത്താണ് നിര്‍മാണം പുരോഗമിക്കുന്നത്. എന്നാല്‍ ഇതിനാവശ്യമായ അനുമതികള്‍ ഭൂവുടമകള്‍ വാങ്ങിയിട്ടില്ല. ഭൂമി പോക്കുവരവ് ചെയ്ത് നല്‍കാന്‍ കൂടരഞ്ഞി വില്ലേജില്‍ അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ ഭൂമി, വനഭൂമി എന്നിവ കയ്യേറിയിട്ടുണ്ടോ എന്ന സംശയത്താല്‍ ഇതുവരെ പോക്കുവരവ് ചെയ്ത് നല്‍കിയിട്ടില്ല. ഒപ്പം കെട്ടിട നിര്‍മാണത്തിന് പഞ്ചായത്തിന്‍റെയും അനുമതി ഇല്ല.

അതീവ പരിസ്ഥിതി ലോല പ്രദേശമായ കൂടരഞ്ഞിയിലെ നായാടുംപൊയില്‍ മേഖലയില്‍ ഇത്ര വലിയ നിര്‍മാണം നടത്തണമെങ്കില്‍ ദുരന്ത നിവാരണ സമിതിയുടെ അനുമതിയും വാങ്ങേണ്ടതുണ്ട്.് എന്നാല്‍ അവര്‍ക്ക് ഭൂവുടമകള്‍ അപേക്ഷ നല്‍കിയിട്ടു പോലുമില്ല. മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള ഈ നിര്‍മാണം താഴെ താമസിക്കുന്ന കോളനിവാസികളുടെ ജീവനും ഭീഷണി ഉയര്‍ത്തുന്നു.