ചാലിയാറിന് പച്ചനിറം; ബാക്ടീരിയ പടരുന്നതായി റിപ്പോർട്ട്

മലപ്പുറം അരീക്കോട് ഭാഗത്ത് ചാലിയാറിലെ വെളളത്തില്‍ പച്ചനിറം വ്യാപിച്ചതിനൊപ്പം അസുഖങ്ങള്‍ക്ക് കാരണമാകുന്ന അനബീന, സൈനോ ബാക്ടീരിയകള്‍ പടര്‍ന്നതായി പഠനറിപ്പോര്‍ട്ട്. ശാസ്ത്രീയമായി ശുദ്ധീകരിക്കാതെ വെളളം ഉപയോഗിക്കരുതെന്ന സി.ഡബ്ലിയു. ആര്‍.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു. പമ്പിങ് നിലച്ചതോടെ പുഴയോരത്തെ പല ഗ്രാമങ്ങളും കുടിവെളളക്ഷാമത്തിലേക്ക് നീങ്ങുകയാണ്.

സി.ഡബ്ലിയു. ആര്‍.ഡി.എമ്മിന്റെ വിദഗ്ധസംഘം പരിശോധന നടത്തിയ ചാലിയാറിലെ നാലില്‍ മൂന്നിടങ്ങളിലും അനബീന ബാക്ടീരിയയുടെ സാന്നിധ്യം ധാരളമുണ്ട്. അവിടെയെല്ലാം സൈനോ ബാക്ടീരിയയും കണ്ടെത്തിയിട്ടുണ്ട്. നാഡീരോഗങ്ങള്‍ക്കും അലര്‍ജിക്കും ചൊറിച്ചിലിനും അനബീന ബാക്ടീരിയ കാരണമാകും. മല്‍സ്യങ്ങളുടെ കൂട്ടനാശത്തിന് സൈനോ ബാക്ടീരിയ ഇടയാക്കും. 

ശുചിമുറിമാലിന്യങ്ങളടക്കം പുഴയിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊടുംചൂടിനും വെയിലിനൊപ്പം പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തി വെളളം കെട്ടിനിര്‍ത്തിയത് ബാക്ടീരിയ അതിവേഗം വ്യാപിക്കാന്‍ കാരണമായി. ചാലിയാറിലെ കിണറുകളിലെ വെളളം നേരിട്ട് പമ്പു ചെയ്യരുതെന്ന കര്‍ശനനിര്‍ദേശവുമുണ്ട്. ഇതോടെ ശുദ്ധീകരിക്കാന്‍ സംവിധാനമില്ലാത്ത ഊര്‍ങ്ങാട്ടിരി, കാവന്നൂര്‍ ഭാഗങ്ങളിലേക്കുളള പമ്പിങ് നിര്‍ത്തി വച്ചു. പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുബങ്ങള്‍ കുടിവെളളക്ഷാമത്തിലേക്ക് നീങ്ങി.