സാമൂതിരിമാരുടെ പുതിയതലമുറയെ കാണാൻ പുതിയ കാലത്തെ നായകരെത്തി

നാവികസേനയുടെ കൊടിപാറിച്ച് കോഴിക്കോട് ഭരിച്ച സാമൂതിരിമാരുടെ പുതിയതലമുറയെ കാണാൻ പുതിയ കാലത്തെ നായകരെത്തി. നാവികസേന വൈസ് അഡ്മിറലും സംഘവുമാണ് ആദരവുമായെത്തിയത്. തിരുവണ്ണൂര്‍ അയോധ്യ അപ്പാര്‍ട്ട്മെന്റ്സിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. 

കോഴിക്കോടിന്റെ മണ്ണില്‍ ചരിത്രത്തിന് തേര്‍ തെളിയിച്ച സാമൂതിരി കുടുംബത്തിന് ആദരവുമായാണ് കൊച്ചിയിലെ സംഘമെത്തിയത്. പാരമ്പര്യരീതിയിലാണ് നാവിക സംഘത്തെ സാമൂതിരി കുടുംബം സ്വീകരിച്ചത്. കപ്പലിന്റെ അമരക്കാരനായ കപ്പിത്താന്റെ ദിശാസൂചിക സാമൂതിരിക്ക് സമ്മാനമായി നല്‍കി വൈസ് അഡ്മിറല്‍. പിന്നെ പഴയ കാലത്തിന്റെ ഒാര്‍മയും കച്ചവടചരിത്രവുമൊക്കെ പറഞ്ഞ് കുടുംബാംഗങ്ങള്‍ക്കൊപ്പം നാവികസംഘം  ഒത്തുകൂടി. ചരിത്രത്തെ മുന്നോട്ടു നയിക്കുന്നതിനൊപ്പം വ്യാപാര മേഖലയേയും മുന്നോട്ടു നയിക്കാൻ സാമൂതിരിയുടെ ഭരണകാലത്തു കഴിഞ്ഞെന്ന് വൈസ് അഡിമിറല്‍ പറഞ്ഞു.

ഏഴിമല നാവിക അക്കാദമിയിൽ നാവിക സേനാ അംഗങ്ങൾക്കു നൽകുന്ന പരിശീലനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ കോഴ്സിന് ഐഎൻഎസ് സാമൂതിരി എന്ന പേരാണു നൽകിയിരിക്കുന്നത്. ഐ.എന്‍.എസ്.വെന്തുരുത്തി കമാന്‍ഡിംഗ് ഒാഫിസര്‍ ജി.പ്രകാശ്, ക്യാപ്റ്റന്‍ രമേശ് ബാബു, ലഫ്റ്റനന്റ് കമാന്‍ഡന്റ് കുനാല്‍ ജെയിന്‍ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കാളികളായി.