കരിപ്പൂരിൽ പുതിയ രാജ്യാന്തര ടെർമിനൽ ഒരുങ്ങുന്നു

അത്യാധുനിക സൗകര്യങ്ങളുമായി കരിപ്പൂർ വിമാനത്താവളത്തിൽ പുതിയ രാജ്യാന്തര ടെർമിനൽ ഒരുങ്ങുന്നു. ഏപ്രിലിൽ ടെർമിനൽ യാത്രക്കാർക്കായി തുറന്നു കൊടുക്കും. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ടെർമിനലാണ് കരിപ്പൂരിൽ ഒരുങ്ങുന്നത്. വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായാണ് പുതിയ ടെർമിനൽ.നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. 

നിലവിലെ ടെർമിനലിന് 750 യാത്രക്കാരെ ഉൾകൊള്ളാനെ കഴിയുകയുള്ളു. പുതിയ ടെർമിനലിൽ ഒരേ സമയം നാലായിരം യാത്രക്കാരെ ഉൾകൊള്ളാൻ കഴിയും.നിലവിൽ കസ്റ്റംസ്, എമിഗ്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ ഏറെ നേരം യാത്രക്കാർക്ക് കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കത്തക്ക സൗകര്യങ്ങളാണ് ടെർമിനലിൽ ഒരുക്കുന്നത്.1700 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളിലായി 120 കോടി രൂപയാണ് നിർമാണ ചെലവ്. പുതിയ ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ കരിപ്പൂരിന്റെ മുഖഛായ തന്നെ മാറും .