ആംബുലൻസ് പ്രചാരണ വാഹനമാക്കി സിപിഐഎം

കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനത്തിന് ആംബുലന്‍സ് പ്രചാരണവാഹനമാക്കി സിപിഎം. പാനൂര്‍ ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പ്രാചാരണത്തിനാണ് ഗതാഗത നിയമം ലംഘിച്ച് ആംബുലന്‍സ് അലങ്കരിച്ച് ഉപയോഗിച്ചത്. 

സിപിഎം പാനൂര്‍ ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന റോഡ് ഷോയില്‍ ഉപയോഗിച്ച വാഹനമാണിത്. പുറമെനിന്ന് നോക്കിയാല്‍ ആര്‍ക്കും വാഹനം ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. മുകളില്‍നിന്ന് നോക്കിയാല്‍ ഇതാണ് കാഴ്ച. അടിയന്തര ഘട്ടങ്ങളില്‍ രോഗികളെയും കൊണ്ട് ചീറിപ്പായേണ്ട ആംബുലന്‍സ് മൂടികെട്ടി പാര്‍ട്ടി പരിപാടിക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്നു. 

നാലുവശവും പൂര്‍ണമായും മറച്ച്, മുകളില്‍ സ്്പീക്കറുകളും ജനറേറ്ററും സ്ഥാപിച്ചാണ് ആംബുലന്‍സില്‍ പ്രചാരണം നടത്തിയത്. അപായ ലൈറ്റുകളും സൈറണുമെല്ലാം പൊതി‍ഞ്ഞ് വെച്ചിരിക്കുന്നു. എന്നാല്‍ പുറകില്‍ ആംബുലന്‍സെന്നെഴുതിയത് വ്യക്തമായി കാണുകയും ചെയ്യാം. ഗതാഗത നിയമപ്രകാരം അയ്യായ്യിരം രൂപാവരെ പിഴ ഈടാക്കാവുന്ന കുറ്റം. വേണമെങ്കില്‍ ആര്‍ടിഓയുടെ അധികാരം ഉപയോഗിച്ച് ആംബുലന്‍സിന് നല്‍കിയിരിക്കുന്ന നികുതിയിളവും പിന്‍വലിക്കാം. നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ്.