കണ്ണൂരിൽ മലയോരമേഖലയുടെ വികസനത്തിന് തടയിട്ട് മൂന്ന് പാലങ്ങൾ

കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയുടെ വികസനത്തിന് തടസമായി മൂന്ന് പാലങ്ങള്‍. ആലക്കോട്, കരുവന്‍ചാല്‍, ചാണോക്കുണ്ട് പാലങ്ങളാണ് വീതി കുറവും കാലപ്പഴക്കവുംമൂലം ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. റോഡ് വികസിപ്പിച്ചിട്ടും പാലങ്ങള്‍ പുതുക്കിപണിയാന്‍ പൊതുമരാമത്ത്്വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. 

വീതി കൂടിയ റോഡ് പാലം എത്തുമ്പോള്‍ ചെറുതാകും. വലിയ വാഹനങ്ങള്‍ക്ക് ഇരുവശങ്ങളിലേക്കും ഒരേസമയം കടന്നുപോകാനാവില്ല. രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലയും. അരനൂറ്റാണ്ട് മുന്‍പാണ് ആലക്കോട്, കരുവന്‍ചാല്‍ പാലങ്ങള്‍ നിര്‍മിച്ചത്. മലയോര ഹൈവേ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും പാലങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ല. 

കരുവന്‍ചാല്‍ തളിപ്പറമ്പ് പാതയില്‍ അപകടം പതിയിരിക്കുന്ന പാലമാണ് ചാണോക്കുണ്ട്. നിരവധിതവണ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടും അധികൃതരുടെ കണ്ണ് ഇതുവരെ തുറന്നിട്ടില്ല. മൂന്ന് പാലങ്ങളുടെ കൈവരികളും തകര്‍ന്ന് തുടങ്ങി.