ബേപ്പൂർ സുൽത്താന് അക്ഷര വീടൊരുക്കി കുട്ടികൾ

സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരില്‍ കുട്ടികളുടെ നേതൃത്വത്തില്‍ സ്മാരകമൊരുങ്ങുന്നു. ചാലിയം ഗവണ്‍മെന്റ് ഫിഷറീസ് എല്‍ പി സ്കൂളിന്റെ നേതൃത്വത്തിലാണ് കഥാകാരന് സ്മാരകമായി അക്ഷരവീട് ഒരുങ്ങുന്നത്. ലൈബ്രറി ഇന്ന് രാവിലെ പത്ത് മണിക്ക് കുട്ടികള്‍ക്കായി തുറന്ന് നല്‍കും. 

ബേപ്പൂര്‍ സുല്‍ത്താന് സ്വന്തം നാട്ടില്‍ സ്മാരകമില്ലാത്തത് കുറച്ചൊന്നുമല്ല ഈ ഇളംമനസുകളെ വേദനിപ്പിച്ചത്. ചരമവാര്‍ഷികത്തിലെ കഥാവായനയ്ക്ക് അപ്പുറത്തേക്കുള്ള സ്മാരകം അക്ഷരകൂടാരമാകണെന്ന് തീരുമാനിച്ചതും കുട്ടികള്‍ തന്നെ. അങ്ങിനെയാണ് സ്കൂളിലെ അഞ്ചാം ക്ലാസ് മുറിക്ക് പുറത്ത് മാങ്കോസ്റ്റിന് ചുവട്ടിലെ ബഷീര്‍ പുനര്‍ജനിച്ചത്. പിന്നെ കുട്ടികള്‍ നാട്ടിലേക്കിറങ്ങി. കഥാകാരന്റെ പേരിലുള്ള സ്മാരകത്തിന് നാട്ടുകാര്‍ പുസ്തകങ്ങള്‍ നല്‍കി. ബഷീറിന്റെ മകന്‍ അനീസ് നല്‍കിയതടക്കം രണ്ടായിരം പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉള്ളത്.