ചർച്ച പരാജയം; പേരമ്പ്ര എസ്റ്റേറ്റിലെ സമരം തുടരും

പ്ലാന്‍റേഷന്‍ കോര്‍‍പ്പറേഷനെതിരെ കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റില്‍  സിപിഎം പിന്തുണയോടെ നടക്കുന്ന സമരം തുടരും. തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത അനുരഞ്ജനചര്‍ച്ച പരാജയപ്പെട്ടു. അതേസമയം സമരം അനാവശ്യമാണെന്ന നിലപാടിലാണ് സിപിഐ. 

സമരത്തിന്റെ പത്താംദിനം ലേബര്‍ ഒാഫീസര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ ഇരുവിഭാഗവും നിലപാട് മയപ്പെടുത്തിയില്ല. തൊഴിലാളികള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഉറപ്പിച്ച് പറഞ്ഞു. ലേബര്‍ ഒാഫീസര്‍ തൊഴിലാളികള്‍ക്കനുകൂലമായി നിലപാട് സ്വീകരിച്ചിട്ടും കോര്‍പ്പറേഷന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല

സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന സമരം പിന്‍വലിക്കാന്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നേരിട്ട് ഇടപെട്ടെങ്കിലും സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.തൊഴിലാളി സമരം കാരണം കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.മുപ്പത്തിയ്യായിരം കിലോ റബ്ബര്‍ പാല്‍ കെട്ടിക്കിടന്ന് നശിക്കുന്നു. കോര്‍പ്പറേഷന് പ്രതിദിന നഷ്ടം ആറ് ലക്ഷം രൂപ.സിഐടിയു ഒഴികെയുള്ള മറ്റ് തൊഴിലാളി യൂണിയനുകള്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്