നീതിക്കായി പോരാടിയത് ആറു വർഷം ; സ്കൂൾ അധ്യാപികയ്ക്ക് വിജയം

അധ്യാപക ജോലിയിൽ നിന്ന് പിരിച്ചുവിട്ട മാനേജ്െമന്റ് നടപടിക്കെതിരെ ആറു വർഷം നീണ്ട നിയമപോരാട്ടത്തിലൂടെ വിജയം നേടി ഒരു സ്കൂൾ അധ്യാപിക. കാസർകോട് സ്വദേശി റോജയാണ് മാനേജ്മെന്റ് പുറത്താക്കിയതിനെതിരെ സുപ്രീം കോടതിവരെ നിയമ പോരാട്ടം നടത്തിയത്. 

പതിനേഴ് വർഷം മുമ്പാണ് റോജ പള്ളത്തടുക്ക എ.യു.പി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.ഡിവിഷൻ നഷ്ടപ്പെട്ടതിനെ തുടർന്ന് 2009 ജൂലൈയിൽ മാനേജ്മെന്റ് ജോലിയിൽ നിന്ന് പുറത്താക്കി.2011 ൽ ഇതേസ്കൂളിൽ കന്നഡ വിഭാഗത്തിൽ ഒഴിവ് വന്നെങ്കിലും കന്നഡ ഭാഷാ യോഗ്യത നേടിയ റോജയെ പരിഗണിക്കാതെ മറ്റൊരാൾക്ക് മാനേജ്മന്റ് നിയമനം നൽകി. ജോലി നഷ്ടപ്പെടുന്നവർക്ക് പിന്നീട് വരുന്ന ഒഴിവുകളിൽ യോഗ്യത അനുസരച്ച് നിയമനം നൽകണമെന്ന ചട്ടം ലംഘിച്ചായിരുന്നു ഇത്.റോജയ്ക്ക് നിയമനം നൽകണമെന്ന സർക്കാർ ഉത്തരവും മാനേജ്മെന്റ് ലംഘിച്ചു. ഉത്തരവിനെ ചോദ്യം ചെയ്ത് മാനേജർ പി.ഹരികുമാർ ഹൈക്കോടതിയെ സമീപിക്കുകായിരുന്നു. സർക്കാർ ഉത്തരവ് നടപ്പിലാക്കാനായിരുന്നു ഹൈക്കോടതി വിധി. ഇതിനിടെ അനധികൃത നിയമനം നേടിയ അധ്യാപകൻ നൽകിയ പരാതിയും കോടതി തള്ളി. ഇതോടെ മാനേജർ സുപ്രീം കോടതിയെ സമീപിച്ചു. ആറു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ പരമോന്നത കോടതിയിൽ നിന്ന് ടീച്ചർ അനുകൂല വിധിനേടി. എന്നാൽ ഇതുവരെ കോടതി ഉത്തരവ് നടപ്പാക്കൻ മാനേജ്മെന്റ് തയ്യാറായിട്ടില്ല. 

അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയെത്തന്നെ സമീപിക്കാനാണ് ടീച്ചറുടെ തീരുമാനം.വിഷയത്തിൽ പ്രതികരിക്കാൻ മാനേജ്മെന്റ് തയ്യാായില്ല.