തോട്ടം മേഖലയിലെ കീടനാശിനിപ്രയോഗം: ജലസ്രോതസുകള്‍ മലിനമാകുന്നു

കീടനാശിനികളുടെ അനിയന്ത്രിത ഉപയോഗത്തിന്റെ ദുരിതം പേറി വയനാട്ടിലെ മണ്ണും മനുഷ്യരും. വയനാട്ടിലെ തോട്ടം മേഖലയിലെ കീടനാശിനിപ്രയോഗത്താല്‍ ജലസ്രോതസ്സുകൾ അപകടകരമായ രീതിയിൽ മലിനമാകുന്നെന്ന് സർവേ റിപ്പോർട്ട്. വയനാട് ജില്ലാ സാക്ഷരതാമിഷൻ തയാറാക്കിയ സർവേ പ്രകാരം ജില്ലയിലെ 30 ശതമാനം ജലസ്രോതസുകളും വിഷമയമാണ്

വിഷവസ്തുക്കളുടെ അനിയന്ത്രിത പ്രയോഗം കാരണം കൈത്തോടുകൾ മലിനമാക്കപ്പെടുന്നുവെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ 27 ശതമാനം ജലസ്രോതസുകൾ കുളങ്ങളും 12 ശതമാനം പുഴകളുമാണ്. ജലസ്രോതസുകളിൽ ഏതാണ്ട് 30 ശതമാനം മലിനമായിക്കണ്ടിരിക്കുന്നു. 20 ശതമാനം അപകടാവസ്ഥയിലേക്ക് പോകുന്നെന്നും റിപ്പോർട്ട് പറയുന്നു.

കാർഷിക വിദഗ്ദരുടെ നിർദേശമനുസരിച്ച് കീടനാശിനികൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്. 48 ശതമാനം പേരും സ്വന്തം തൽപര്യത്തിനനുസരിച്ച് മാർക്കറ്റിൽ നിന്നും വാങ്ങുന്ന കീടനാശിനികളാണ് പ്രയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. മനുഷ്യന് ഭീഷണിയാകുന്നതിനൊപ്പം മറ്റ് ചെറു ജീവവർഗങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.