നിരോധിച്ച നോട്ടുകൾ ഇന്നും കൈവശം സൂക്ഷിച്ച് ആദിവാസികുടുംബങ്ങള്‍

ഒരുവർഷം കഴിഞ്ഞിട്ടും നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഇന്നും കൈവശം സൂക്ഷിക്കുന്നവരുണ്ട് കണ്ണൂരിൽ. പേരാവൂർ കണ്ണവം പെരുവ കോളനിയിലുള്ള മൂപ്പതോളം ആദിവാസികുടുംബങ്ങളാണ് പിൻവലിച്ച നോട്ടുകൾ റിസർവ് ബാങ്ക് എന്നെങ്കിലും മാറ്റിതരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. നോട്ട് നിരോധന വാർത്ത വനഗ്രാമത്തിലറിയാൻ വൈകിയതും പ്രായമുള്ളവർ കൈവശമുള്ള പണത്തെക്കുറിച്ച് പുറത്ത് പറയാതിരുന്നതുമാണ് പിൻവലിച്ച നോട്ടുകൾ കൈയിലാകാൻ കാരണം. 

വെറും കടലസായി മാറിയ നോട്ടുകൾ പൊന്നുപൊലെയാണ് ആദിവാസികൾ സൂക്ഷിച്ചു‌വെച്ചിരിക്കുന്നത്. കോളനിയിലെ മിക്ക വീടുകളിലും ഉണ്ട് അസാധുവായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ. പ്രായമായവര്‍ നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്നതാണ് നോട്ടുകളിലേറെയും. കൂടുതലും സർക്കാർ നൽകിയ പെന്‍ഷൻ തുക. 

ടൗണിൽനിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള വനഗ്രാമത്തിലേക്ക് നോട്ട് നിരോധനവാർത്ത എത്താൻ വൈകി. അറിഞ്ഞവരാകട്ടെ വിശ്വസിക്കുകയും ചെയ്തില്ല. പൊലീസ് അറസ്റ്റ്ചെയ്യുമെന്ന പേടിയിൽ ചിലയാളുകൾ നോട്ടുകൾ കത്തിച്ചുകളുയുകയും ചെയ്തു. അതുകൊണ്ട് അസാധുവായ നോട്ടുകൾ കൈവശം ഉള്ളവർപോലും ധൈര്യപ്പെട്ട് ഇപ്പോൾ പുറത്ത് പറയുന്നില്ല.