TAGS

തൃശൂർ കയ്പമംഗലം വിസ്മയതീരം പാർക്കിലെ കുട്ടികളുടെ കളിപ്പാട്ടങ്ങളും ഓപ്പൺ ജിമ്മും ഉപയോഗശൂന്യം. മൂന്നുവർഷം മുൻപ് കയ്പമംഗലം ഗ്രാമപ്പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായി ആരംഭിച്ച കടലോര പാർക്കാണ് നശിക്കുന്നത്. അധികൃതരുടെ മേൽനോട്ടക്കുറവാണ് കാരണമെന്ന് നാട്ടുകാരുടെ പരാതി.

2023 നവംബറിലാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഒന്നരവർഷത്തിനുള്ളിൽത്തന്നെ പാർക്കിന്റെ തകർച്ച ആരംഭിച്ചു. പത്ത് തറകളിലായി സ്ഥാപിച്ചിരുന്ന ജിം ഉപകരണങ്ങളിൽ ഒന്നുപോലും നിലവിൽ ഉപയോഗിക്കാൻ കഴിയില്ല. കടലോരത്തെ ഉപ്പുകാറ്റേറ്റ് ഉപകരണങ്ങൾ തുരുമ്പെടുത്തു. കുട്ടികൾക്കായി സ്റ്റീലിൽ നിർമിച്ച കളിയുപകരണങ്ങളും തകർന്നു. കൃത്യമായ പരിപാലനവും സംരക്ഷണവും ഇല്ലാത്തതാണ് പാർക്കിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന്  നാട്ടുകാർ. 

കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്കും, വാട്ടർ ഫൗണ്ടനും പൊതുജനങ്ങൾക്കായി ഓപ്പൺ ജിം, ഓപ്പൺ സ്റ്റേജ്, വൈദ്യുത ദീപാലങ്കാരം, കുടുംബശ്രീ വനിതാ ഹോട്ടൽ എന്നിവയുമാണ് പദ്ധതിയിൽ പറഞ്ഞിരുന്നത്. ഒന്നാംഘട്ട നിർമ്മാണങ്ങൾ മാത്രമാണ് നടന്നത്. അതും സംരക്ഷിക്കാനായില്ല. അറ്റകുറ്റപ്പണി നടത്തി പാർക്ക്‌ പൂർവസ്ഥിയിലാക്കണമെന്നും രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ച് മുഴുവൻ സൗകര്യങ്ങളും ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.