സൗജന്യ ഡയാലിസിസിന് എത്തുന്ന രോഗികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണമൊരുക്കാൻ ഏഴര ഏക്കറിൽ പച്ചക്കറി കൃഷിയൊരുക്കി വലപ്പാട് സി.പി. മുഹമ്മദ് ചാരിറ്റബിള്‍ ട്രസ്റ്റ്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടത്തിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ രോഗികൾക്കുള്ള ഭക്ഷണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
വലപ്പാട് ട്രസ്റ്റിന്റെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് ഭക്ഷണവും സൗജന്യമായി നൽകുന്നുണ്ട്. ഇതിനാവശ്യമായ പച്ചക്കറികൾ ഈ കൃഷിയിടത്തിൽനിന്നാണ് ലഭ്യമാക്കുന്നത്. മെഡിക്കൽ കോളജുകളിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന കൂട്ടായ്മകൾക്കും ഇവിടെനിന്ന് പച്ചക്കറികൾ സൗജന്യമായി നൽകുന്നുണ്ട്. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹിന്റെ നേതൃത്വത്തിലാണ് കൃഷി. കോട്ടയം സ്വദേശിയായ കാർഷിക വിദഗ്ധൻ സുഭാഷിന്റെ മേൽനോട്ടത്തിലാണ് കൃഷിപ്രവർത്തനങ്ങൾ.
കടലിൽനിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയുള്ള പ്രദേശമായതിനാൽ തുടക്കത്തിൽ മണ്ണിന്റെ ഫലഭൂയിഷ്ഠത കുറവായിരുന്നു പ്രധാന വെല്ലുവിളി. ട്രസ്റ്റിന്റെ ഫാമിലെ പശുത്തൊഴുത്തിൽനിന്നുള്ള ചാണകം ഉപയോഗിച്ചാണ് മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയത്. കൃഷിയിടത്തിൽനിന്ന് ഒരു തുണ്ട് പച്ചക്കറി പോലും വിൽക്കുന്നില്ല. മുഴുവൻ ഉൽപന്നങ്ങളും സൗജന്യമായി വിതരണം ചെയ്യുകയാണ്.
വ്യത്യസ്തമായ രീതിയിലാണ് കൃഷിത്തോട്ടം രൂപകൽപന ചെയ്തിരിക്കുന്നത്. കൈപ്പയ്ക്ക പന്തലിനെ മേൽക്കൂരയാക്കി പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. യോഗങ്ങൾ നടത്തുന്നതിനായി ചെടികൾകൊണ്ട് മേൽക്കൂരയുള്ള പ്രത്യേക ഇടവും സജ്ജീകരിച്ചിട്ടുണ്ട്. ഡയാലിസിസ് കേന്ദ്രത്തിലെത്തുന്ന രോഗികൾക്കും മടങ്ങിപ്പോകുന്നവർക്കും ബസുകളിൽ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസും ട്രസ്റ്റ് വിതരണം ചെയ്യുന്നുണ്ട്.