അപകടത്തിൽപ്പെട്ട രണ്ട് പേരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച യുവാവിനോട് പൊലീസ് മോശമായി പെരുമാറിയെന്ന പരാതിയുമായി കുടുംബം. തൃശൂർ ആളൂർ പൊലീസിനെതിരെയാണ് 19-കാരനായ പയസും കുടുംബവും തൃശൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
ബൈക്കിൽ എയർ നിറയ്ക്കാൻ പോയതിനിടെയാണ് തൊട്ടുപിന്നിൽ അപകടമുണ്ടായതായി പയസ് കാണുന്നത്. ബൈക്കിൽ നിന്ന് വീണ രണ്ട് പേരെ സഹായിച്ച് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ഇതിനിടെ ആശുപത്രിയിലെത്തിയ ആളൂർ പൊലീസ്, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് ആരാണെന്ന് ചോദ്യം ചെയ്തതായാണ് പരാതി. പിന്നീട് ഇവർ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് മനസ്സിലാക്കിയ പൊലീസ് പയസിനെ ആശുപത്രിയിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തുവെന്നും ആരോപണമുണ്ട്.
പയസിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പരിശോധിക്കുകയും, ചാറ്റ് ചെയ്തവരെക്കുറിച്ചും സംസാരിച്ച പെൺകുട്ടിയെക്കുറിച്ചും ചോദ്യം ചെയ്തതായും കുടുംബം പറയുന്നു. ഇതിന് പുറമെ രാസലഹരി ഉപയോഗിക്കുന്നുണ്ടോയെന്നും ശരീരം മെലിഞ്ഞതിന്റെ കാരണം അതാണോയെന്നും പൊലീസ് ചോദിച്ചെന്നാണ് പരാതി.
വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്നും പിന്നീട് വിശദീകരണമൊന്നുമില്ലാതെ വിട്ടയച്ചുവെന്നും പയസ് പറയുന്നു. സംഭവത്തിൽ മാനസികമായി താൻ ഏറെ വിഷമിച്ചെന്നും യുവാവ് വ്യക്തമാക്കി.
മകന്റെ ചിത്രം പൊലീസ് പ്രതികൾക്കുതന്നെ അയച്ചുവെന്ന ഗുരുതര ആരോപണവും പരാതിയിലുണ്ട്. വീഡിയോ എഡിറ്റിങ് പരിശീലനം നടത്തുന്ന പയസിന്റെ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം തൃശൂർ റൂറൽ എസ്.പിയെ സമീപിച്ചു.