chemical-waste-soil

കൊടുങ്ങല്ലൂരിന് സമീപത്തെ ഏറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രാസമാലിന്യം കലർന്ന മണ്ണ് കണ്ടെത്തി. മണ്ണ് പരിശോധന റിപ്പോർട്ടിൽ സിങ്ക്, ലെഡ്, കാഡ്മിയം തുടങ്ങിയ അപകടകരമായ ഭാരലോഹങ്ങൾ അനുവദനീയ പരിധിയേക്കാൾ കൂടുതലായി കണ്ടെത്തിയതോടെയാണ് ആശങ്ക ശക്തമായത്. പ്രദേശത്ത് ഒരാൾക്ക് ത്വക്ക് രോഗബാധയുണ്ടായതായും റിപ്പോർട്ടുണ്ട്.

ഏറിയാട് സ്വദേശി കൂടിയായ വള്ളത്തൊഴിലാളി ലൈജേഷ്, രാസമാലിന്യം കണ്ടെത്തിയ സ്ഥലത്തോട് ചേർന്ന ജലാശയത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് കൈകളിൽ ശക്തമായ ചൊറിച്ചിലും അലർജിയും അനുഭവപ്പെട്ടതെന്ന് പറയുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പശപോലുള്ള സ്വഭാവമുള്ള ഈ മണ്ണ് ഉപയോഗിച്ച് ജലാശയങ്ങളും നീർച്ചാലുകളും നികത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

ഭൂമി നികത്തുന്നതിനായി മണ്ണ് ആവശ്യപ്പെട്ട ഭൂവുടമകളെ രാസപദാർഥങ്ങൾ കലർന്ന മണ്ണ് എത്തിച്ച് മണ്ണ് മാഫിയ വഞ്ചിച്ചെന്നാണ് ആക്ഷേപം. മലിനീകൃതമായ മണ്ണ് ഉടൻ നീക്കം ചെയ്യാൻ തഹസിൽദാർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും, ഒരു ടൺ മണ്ണ് നീക്കം ചെയ്യാൻ ഏകദേശം ₹1,500 വരെ ചെലവാകുമെന്നതിനാൽ ഭൂവുടമകൾ നടപടിക്ക് തയ്യാറാകുന്നില്ലെന്നാണ് വിവരം.

എടയാർ വ്യവസായ മേഖലയിലെ പ്രവർത്തനം അവസാനിപ്പിച്ച ഒരു സ്വകാര്യ കമ്പനിയിൽ നിന്നാണ് ഈ മണ്ണ് എത്തിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. മലിനമായ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

സംശയത്തെ തുടർന്ന് മണ്ണ് കൊണ്ടുവന്ന ലോറിയെ പിന്തുടർന്ന നാട്ടുകാരാണ് വിഷാംശമുള്ള മണ്ണിന്റെ ഉറവിടം കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയും ചെയ്തു. പരിശോധന റിപ്പോർട്ടിലാണ് സിങ്ക്, ലെഡ്, കാഡ്മിയം എന്നിവയുടെ അപകടകരമായ സാന്നിധ്യം സ്ഥിരീകരിച്ചത്.

സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും റവന്യൂ വകുപ്പിന്റെയും തുടർനടപടികൾ പുരോഗമിക്കുകയാണ്. പ്രദേശത്തെ പരിസ്ഥിതിയിലും പൊതുജനാരോഗ്യത്തിലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Chemical waste soil contamination:

Chemical waste soil contamination has been detected in various areas of Eriyad Panchayat near Kodungallur. Soil testing reports revealed dangerous heavy metals like zinc, lead, and cadmium exceeding permissible limits, raising significant concerns.