കൊടുങ്ങല്ലൂരില്‍ കന്നിയങ്കത്തില്‍ എണ്ണായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ.ജനീഷ് ജയിച്ചു കയറിയത്. 65162 വോട്ടാണ് ജനീഷ് നേടിയത്. തകര്‍ത്തത് ഹാട്രിക് വിജയം തേടിയിറങ്ങിയ സിറ്റിങ് എംഎല്‍എ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ആര്‍.സുനില്‍ കുമാറിനെ. എന്നാല്‍ ജനീഷ് വിജയിച്ചു കയറിയ പടവുകള്‍ക്കും പറയാനുണ്ട് ചില കഥകള്‍.
മാളയിലെ കൊച്ചു ഗ്രാമമായ കാക്കുളിശേരിയാണ് ജനീഷിന്‍റെ നാട്. പോളിടെക്നിക്കില്‍ പഠിക്കവേ19 വർഷം മുമ്പ് അച്ഛൻ മരിച്ചു. അമ്മ പുഷ്പ രാജയുടെ തൊഴിലുറപ്പ് ജോലിയായിരുന്നു ഏക വരുമാനം. പാര്‍ട് ടൈം ജോലികള്‍ ചെയ്താണ് പഠനത്തിനായി പണം കണ്ടെത്തിയത്. പിന്നീട് മാളയിലെ എം.ഐ.എൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി. സെയില്‍സ്മാന്‍റെ വേഷം മുതല്‍ സെക്യൂരിറ്റി ജോലി വരെ ജനീഷ് ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ തൃശൂർ ലോ കോളജിൽ നിയമപഠനവും പൂര്‍ത്തിയാക്കി.
പെരുമ്പാവൂർ പോളിടെക്നിക്കിൽ പഠിക്കുമ്പോഴാണ് കെ.എസ്.യു പ്രവേശം. മൂന്നു വർഷം യൂത്ത് കോൺഗ്രസിന്‍റെ തൃശൂർ ജില്ലാ പ്രസിഡന്റ്. രണ്ടു വർഷം സംസ്ഥാന വൈസ് പ്രസിഡന്‍റും. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും. വി.എം.സുധീരന് ശേഷം തൃശൂരിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കെത്തിയ ആളാണ് ജനീഷ്.
കുടുംബത്തിന്‍റെ ഉത്തരവാദിത്വവും ജനീഷിന്‍റെ ചുമലിലായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്നുവെന്നും രാഷ്ട്രീയം വേണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ജനീഷിന്‍റെ അമ്മ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് ജനീഷ് എന്ന നേതാവിനെ കാണുമ്പോള്‍ ആ അമ്മയ്ക്ക് അഭിമാനമാണ്. ‘പൊലീസിന്‍റെ ലാത്തിയടി കൊള്ളുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ മനസ് വിഷമിച്ചു. തിരുവനന്തപുരത്തെ ജയിലിൽ 18 ദിവസമാണ് കിടന്നത്. മകന്‍റെ ഉയർച്ച കാണാൻ അച്ഛൻ ഇല്ലെന്ന വിഷമം മാത്രം’– ജനീഷിന്‍റെ അമ്മ ഒരിക്കല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജനീഷിന് മല്‍സരിക്കാന്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് അമ്മയുടെ കൂടെ ജോലിചെയ്തിരുന്ന കൂട്ടുകാരികള്‍ ചേര്‍ന്നായിരുന്നു. സഹപാഠിയായിരുന്ന അഡ്വക്കേറ്റ് ശ്രീലക്ഷ്മിയാണ് ജനീഷിന്‍റെ പങ്കാളി.
കൊടുങ്ങല്ലൂരില്‍ യുഡിഎഫ് തരംഗം
ഇടത് മണ്ഡലം എന്നാണ് അറിയപ്പെടുന്നതെങ്കിലും നേരത്തേയും കൊടുങ്ങല്ലൂരില്‍ യുഡിഎഫ് വിജയിച്ചിട്ടുണ്ട്. 1960 ൽ പി.കെ.അബ്ദുൽ കാദർ സിപിഐയിലെ ഇ.ഗോപാലകൃഷ്നേക്കാൾ ഏകദേശം 8000 വോട്ടുകൾ അധികം നേടി. 1965ൽ കോൺഗ്രസിലെ കെസിഎം മേത്തർ 11,000 വോട്ടുകൾക്ക് വിജയിച്ചു. 1967ൽ പി.കെ.ഗോപാലകൃഷ്ണൻ കോൺഗ്രസിലെ എ.കെ.സഗീറിനെയും 1970 ൽ ഇ ഗോപാലകൃഷ്ണമേനോൻ സിപിഎം സ്വതന്ത്രൻ പി.വി.അബ്ദുൽകാദറിനെയും പരാജയപ്പെടുത്തി. 1977 ൽ കോൺഗ്രസ് മുന്നണിയിൽ മത്സരിച്ച വി.കെ.രാജൻ വിജയിച്ചു. പിന്നീട് 1980, 1982, 1987 തിരഞ്ഞെടുപ്പുകളിൽ ഏകദേശം 2300, 2800, 3200 വോട്ടുകൾ വി. കെ.രാജൻ ഭൂരിപക്ഷം നേടി.
1991ൽ സിപിഐയിലെ മീനാക്ഷി തമ്പാൻ നേടിയതു 8000 വോട്ടിന്റെ ഭൂരിപക്ഷം. 1996ൽ ജെഎസ്എസിലെ കെ.വേണു പ്രഫ. മീനാക്ഷിതമ്പാനോട് അടിയറവു പറഞ്ഞതു 14000 വോട്ടുകൾക്ക്. 2001ൽ ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയിൽ 11000 ലേറെ വോട്ടുകൾക്ക് മീനാക്ഷി തമ്പാനെ മലർത്തിയടിച്ചു കൊടുങ്ങല്ലൂരിനെ വലതിനൊപ്പം ചേർത്തു. 2006 ൽ ഉമേഷ് ചള്ളിയിൽ കെ.പി. രാജേന്ദ്രനോടു അടിയറവ് പറഞ്ഞു. 2011ൽ കരുണാകരന്റെ തട്ടകമായ മാള കൂടി കൂട്ടിച്ചേർത്ത കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ടി.എൻ.പ്രതാപൻ 9432 വോട്ടാണ് ഭൂരിപക്ഷം നേടിയത്.