Untitled design - 1

പിണറായിക്കെതിരെ പറഞ്ഞ നേതാക്കളാരും ധർമ്മടത്തേക്ക് വന്നില്ലെന്നും, ആരെങ്കിലും വന്നിരുന്നുവെങ്കിൽ ഫലം മാറുമായിരുന്നുവെന്നും യുഡിഎഫ് സ്ഥാനാര്‍ഥി  സ്ഥാനാർഥി അബ്ദുൽ റഷീദ്. നേതാക്കന്മാരോട് ഞാന്‍ കാല് പിടിച്ചു പറഞ്ഞിരുന്നു ആരെങ്കിലുമൊന്ന് പ്രചാരണത്തിന് മണ്ഡലത്തില്‍ വരണമെന്ന്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയിരുന്നു ധര്‍മ്മടത്തില്‍. ധര്‍മ്മടത്തില്‍ പിണറായി വിരുദ്ധത എന്തുമാത്രമുണ്ടെന്ന് ഞാന്‍ കണ്ടതാണ്. ഇത് യുഡിഎഫിന്‍റെ രാഷ്ട്രീയ വിജയമാണ്. പിണറായി ജനങ്ങളെ വെല്ലുവിളിച്ചതിന് മാപ്പ് പറയണം. – അദ്ദേഹം പ്രതികരിച്ചു. 

പിണറായി രാഷ്ട്രീയം പറഞ്ഞില്ല ഇവിടെയെങ്ങും. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പരാജയമാണിത്. ജനങ്ങളെ വെല്ലുവിളിച്ചതിനും ആശാവര്‍ക്കന്മാരെ  അപമാനിച്ചതിനും നികുതി കൂട്ടിയതിനും പിണറായി മാപ്പ് പറയണം. – അദ്ദേഹം ആവശ്യപ്പെട്ടു. 

 

ആദ്യ ആറുറൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിലെത്തിയപ്പോഴാണ് മുന്നിലെത്തിയത്.  19247 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. സിപിഎമ്മിന്റെ കോട്ടകളിലടക്കം മേധാവിത്തം നേടാൻ യുഡിഎഫിന് കഴിഞ്ഞു.

ആദ്യ റൗണ്ടിൽ തന്നെ പിണറായിയെ മറികടന്ന് അബ്ദുൾ റഷീദ് ലീഡെടുത്തു. പിണറായി 5008 വോട്ടുകൾ നേടിയപ്പോൾ അബ്ദുൾ റഷീദ് 5741 വോട്ടുകൾനേടി. ആദ്യ റൗണ്ടിലെ ലീഡ് 733 വോട്ടുകൾ. രണ്ടാം റൗണ്ടിൽ അബ്ദുൾ റഷീദിന് ലീഡ് 2523 വോട്ടുകളായി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ലീഡ് 2077 ആയി മാറി. നാലാം റൗണ്ടിലും അബ്ദുൾ റഷീദ് ലീഡ് ഉയർത്തി. നാലാം റൗണ്ട് കഴിയുമ്പോൾ അബ്ദുൾ റഷീദിന്റെ ലീഡ് 2812 വോട്ടുകളാണ്. ആറാം റൗണ്ട് വരെ ലീഡ് നിലനിർത്തിയെങ്കിലും ഏഴാം റൗണ്ട് തൊട്ട് പിണറായി ലീഡെടുക്കുകയായിരുന്നു.  

മുഖ്യമന്ത്രി വിയര്‍ത്തു ജയിച്ചപ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയിലെ 13 മന്ത്രിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. സര്‍ക്കാരിന്‍റെ മുഖങ്ങളായിരുന്നവര്‍ ജില്ലകള്‍തോറും തോല്‍ക്കുന്ന വമ്പന്‍ പരാജയമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റുവാങ്ങിയിരിക്കുന്നത്.

പിണറായി വിജയന്‍ എന്ന സി.പി.എം സമുന്നതന്‍റെ പൊതുജീവിതത്തിലെ സംഭവബഹുലമായ ഒരു ഘട്ടത്തിന്റെ അവസാനം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. മുന്‍വിധികളെ മാറ്റിമറിച്ച് ജനകീയത നേടിയ ആദ്യഭരണകാലവും ആ ജനകീയതയുടെ നിഴലില്‍ തിരുത്തലുകള്‍ ഇല്ലാതെപോയ രണ്ടാംപകുതിയും പലതുകൊണ്ടും പിണറായിക്കും പാര്‍ട്ടിക്കും പാഠപുസ്തകമാണ്.

 

ENGLISH SUMMARY:

Dharmadam election results revealed a close contest where Chief Minister Pinarayi Vijayan secured victory after trailing in initial rounds. UDF candidate Abdul Rasheed expressed that the result was a political victory for the UDF, highlighting the anti-Pinarayi sentiment in the constituency.