എഐ നിര്‍മിത ചിത്രം
പോസ്റ്ററുകളിലും പൊതുയോഗങ്ങളിലും മാത്രമൊതുങ്ങുന്നതല്ല ഇപ്പോള്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവവും നിർണായകവുമായ ഭാഗമായിക്കഴിഞ്ഞു. ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മുന്നണികളാരും പിന്നിലായിരുന്നില്ല.
ഈ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍മീഡിയയെ പ്രചാരണത്തില്‍ സജീവമാക്കി വയ്ക്കുന്നതില്‍ ആരായിരുന്നു മുന്നില്‍ എന്ന് ചോദിച്ചാല്‍ ഒരുപക്ഷേ എല്‍ഡിഎഫ് എന്ന് പറയേണ്ടിവരും. സർക്കാരിന്റെ പദ്ധതികൾ വിശദീകരിക്കുന്ന വിഡിയോകളും ഡാറ്റകള്‍ അടിസ്ഥാനമാക്കിയ പോസ്റ്റുകളും ഫെയ്സ്ബുക്ക്, യൂട്യൂബ് പോലുള്ള പ്ലാറ്റ് ഫോമുകളിലെ സ്ഥിരമായ അപ്ഡേറ്റുകളുമൊക്കെയായി എല്‍ഡിഎഫ് സമൂഹമാധ്യമത്തിന്‍റെ സാധ്യതകളെ പരമാവധി ഉപയോഗിച്ചു. പ്രാദേശിക വിഷയങ്ങളിലെ പ്രതികരണ വിഡിയോകൾ അടക്കം സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ഒരു ഔദ്യോഗിക ശബ്ദമായാണ് എല്‍ഡിഎഫ് ഇക്കുറി സോഷ്യല്‍മീഡിയയെ ഉപയോഗിച്ചത്. എന്നാല്‍ അതൊന്നും ഫലം കാണാതെ തകര്‍ന്ന് തരിപ്പണമാകുന്ന കാഴ്ചയും രാഷ്ട്രീയകേരളം ഇന്ന് കണ്ടു.
സോഷ്യല്‍മീഡിയ പ്രചാരണത്തില്‍ വൈകാരികമായ ആശയവിനിമയമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ശൈലി. സർക്കാരിനെതിരായ വിമർശന വിഡിയോകൾ, യുവജനങ്ങളെ ലക്ഷ്യമിട്ട റീല്‍ കണ്ടന്റുകള്‍, നേതാക്കളുടെ വ്യക്തിപരമായ പ്രസംഗ ക്ലിപ്പുകൾ, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ എന്നിവയിലായിരുന്നു യുഡിഎഫിന്‍റെ ഫോക്കസ്. വസ്തുതാപരവും വിഷയാധിഷ്ഠിതവും വൈകാരികവുമായ ആ ഡിജിറ്റൽ സ്ട്രാറ്റജി വിജയം കണ്ടു എന്നുതന്നെ വേണം കരുതാന്‍.
ഹൈ-എനർജി, നാഷണൽ-ലെവൽ ഡിജിറ്റല്‍ ബ്രാന്‍ഡിങ് ആയിരുന്നു എന്‍ഡിഎയുടെ ശൈലി. മോദിപ്രഭാവത്തെ കേന്ദ്രീകരിച്ച് യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട ശക്തമായ സമൂഹമാധ്യമപ്രചാരണങ്ങളായിരുന്നു എന്‍ഡിഎയുടേത്. വേഗത്തിൽ വൈറൽ ആകുന്ന കണ്ടന്റുകൾ ഉപയോഗിച്ച് യുവാക്കളിൽ കൂടുതൽ വിസിബിലിറ്റി നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചതായി തന്നെയാണ് വിലയിരുത്തല്‍.
വോട്ടിങ് രീതിയെ സോഷ്യല്‍മീഡിയ നരേഷനുകള്‍ മാറ്റിമറച്ചു എന്ന് പറയാനാകില്ലെങ്കിലും അവയുടെ സ്വാധീനം ഇനി കുറച്ചുകാണാനാകില്ല. കേരളത്തില്‍ ഇപ്പോഴും പരമ്പരാഗത രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് തന്നെയാണ് വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്നത്. എന്നാല്‍ സമാന്തരമായി സമൂഹമാധ്യമങ്ങളും പ്രചാരണരംഗത്ത് ശക്തിപ്രാപിക്കുകതന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ രാഷ്ട്രീയ പ്രചാരണം ഇനി സമൂഹമാധ്യമങ്ങളുടെ കൂടി പങ്കാളിത്തമില്ലാതെ ചിന്തിക്കാനാവാത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നുതന്നെ പറയേണ്ടിവരും.