തെരുവുനായശല്യത്തില്‍ വലഞ്ഞ് തൃശൂര്‍ വാണിയംപാറ പ്രദേശവാസികള്‍. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തെരുവുനായ ആക്രമിച്ചു. വാണിയംപാറ സർവീസ് റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കള്‍ക്ക് നേരെ നായ പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് നിയന്ത്രണംവിട്ട വാഹനം കോൺക്രീറ്റ് ഡിവൈഡറിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. അബുൾ അസരി, ബ്രിട്ടോ എന്നിവർക്കാണ് പരുക്കേറ്റത്. ബൈക്ക് ഓടിച്ച ബ്രിട്ടോയുടെ ഇടത് മുട്ടിനുമുകളിൽ ഗുരുതരമായി പരുക്കേറ്റു. നിലവിൽ ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്.
കഴിഞ്ഞദിവസം കുതിരാൻ അമ്പലത്തിലേക്ക് പോകുന്നവർക്ക് നേരെ ഇരുമ്പുപാലത്ത് വച്ച് തെരുവ് നായകൾ പാഞ്ഞടുത്തിരുന്നു. അതേദിവസം തന്നെ മദ്രസ കഴിഞ്ഞ് മടങ്ങിവരുന്ന വിദ്യാർഥികൾക്ക് നേരെയും നായകളുടെ പരാക്രമം ഉണ്ടായി.
പ്രദേശവാസികളുടെ വളര്‍ത്തുമൃഗങ്ങളെയും തെരുവുനായകള്‍ ആക്രമിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്. വാണിയംപാറയിലെ പല പ്രദേശങ്ങളിലായി 17 കോഴികളെയും കടയിലെ കൂട്ടിൽ വളർത്തിയ മൂന്നു മുയലുകളെയും തെരുവുനായ ആക്രമിച്ചു.
പഞ്ചായത്ത് അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തര നടപടി എടുക്കണമെന്ന് പഞ്ചായത്തിനെ അറിയിച്ചതായി വാർഡ് മെമ്പർ പറഞ്ഞു.