Robbery Gang-Thrissur

TOPICS COVERED

പതിനെട്ട് മണിക്കൂറിനുള്ളില്‍ മൂന്ന് മോഷണങ്ങള്‍ നടത്തിയ അന്തര്‍സംസ്ഥാന മോഷ്‍ടാക്കളെ മുംബൈയില്‍  തൃശൂര്‍ സിറ്റി പൊലീസ് പിടികൂടി. തിരുനെല്‍വേലി, നാഗര്‍കോവില്‍ സ്വദേശിളായ രണ്ടു പേരാണ് പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഈ മാസം 6നാണ് മോഷണങ്ങള്‍ നടന്നത്.

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഇവര്‍ റോഡിലിരുന്ന ബുള്ളറ്റ് ആദ്യം മോഷ്‍ടിച്ചു. ബുള്ളറ്റില്‍ തൃശൂരിലെത്തി  ജില്ലാ കോടതിയിലെ വനിത അഭിഭാഷകയുടെ നാലരപ്പവന്‍റെ സ്വര്‍ണ്ണ മാല മോഷ്ടിച്ചു. 

സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം അന്നു തന്നെ കേസെടുത്തിരുന്നു. സംഭവം നടന്ന് മൂന്നു മണിക്കൂറുകള്‍ക്കുശേഷം പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരു കാര്‍ മോഷണം പോയി. 

കാര്‍ ഡ്രൈവറുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘത്തിലെ രണ്ടുപേര്‍ കാര്‍ കടത്തികൊണ്ടു പോയത്. ബുള്ളറ്റ് ഹൈവേയില്‍ ഉപേക്ഷിച്ച് മൂവരും  മുംബൈയിലേക്ക് കടന്നു. 20 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‍തു.