കലാഭവൻ മണി മരിച്ചിട്ട് പത്തുവർഷം ആകാറായിട്ടും ചാലക്കുടിയിൽ സ്മാരകം പണി തുടങ്ങിയിട്ടില്ല. പത്തുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അറിയിച്ച് മന്ത്രി സജി ചെറിയാൻ പോയിട്ട് 7 മാസം ആയി. ഇതുവരെ ഒരു കല്ല് പോലും എടുത്തു വെച്ചിട്ടില്ലെന്ന് നാട്ടുകാർ.
ഒരു ചെറു ചിരിയുമായി നാടൻ പാട്ടുകളിലൂടെ കേരള കരയുടെ ഹൃദയം കീഴടക്കിയ മലയാളത്തിന്റെ കലാഭവൻ മണിയുടെ 55 ആം ജന്മദിനം ആയിരുന്നു ഇന്നലെ. മണി മരിച്ചിട്ട് 10 വർഷം ആകാറായി ഇതുവരെ സ്മാരകം പണി തുടങ്ങിയിട്ടില്ല. 2017ൽ സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. തുടർന്ന് ചാലക്കുടി ഗവൺമെൻറ് ഹൈസ്കൂളിലെ പഴയ കളിക്കളത്തിൽ സ്മാരകം നിർമ്മിക്കാൻ തീരുമാനമായി. ഫണ്ട് മൂന്നുകോടിയായി വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ ആ നടനെ സർക്കാർ മറന്നു സ്മാരകം പണിയേണ്ട സ്ഥലത്ത് വണ്ടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
കഴിഞ്ഞവർഷം മെയ് 25ന് സ്മാരക നിർമ്മാണോദ്ഘാടനം നടത്തി മന്ത്രി സജി ചെറിയാൻ സ്ഥലം വിട്ടു. പത്തുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കും, മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിന് വിളിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു. ഏഴുമാസം കഴിഞ്ഞു ഒരു കല്ലു പോലും സ്ഥലത്ത് എടുത്തു വെച്ചിട്ടില്ല. സർക്കാർ മറന്നാലും ജനഹൃദയങ്ങളിൽ ഈ ചാലക്കുടിക്കാരന് എന്നും ഒരു സ്ഥാനം ഉണ്ടാകും.