‘പോറ്റിയേ കേറ്റിയേ’ എന്ന തിരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി പിന്നാലെ പഴയപാട്ടുകള്‍ കുത്തിപ്പൊക്കി കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയും. . ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല പരാതി നൽകിയത്. ഗാനം തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടി സിദ്ദിഖ് എംഎല്‍എ . കലാഭവൻ മണി, നാദിർഷ എന്നിവര്‍ ചേര്‍ന്ന് പാടിയ ‘മന്ത്രിയെ..പയ്യെപ്പോ..കാറില്‍ കയറി പയ്യപ്പോ’ എന്നപാട്ട് അയ്യപ്പനെ അപമാനിച്ചതാണെന്നും ടെലികാസ്റ്റ് ചെയ്ത കൈരളി ചാനലിനെതിരെ സഖാക്കളെ കേസ് കൊടുക്കൂ എന്നാണ് പാട്ട് പങ്കുവച്ച് ടി സിദ്ദിഖ് കുറിച്ചത്.
ദൈവങ്ങൾ മിത്താണെന്ന് പറഞ്ഞ് നടന്നവരൊക്കെ പാരഡി ഗാനം കേട്ട് ഹൃദയം തകർന്ന് നിൽക്കുന്നു. അയ്യപ്പനെ അപമാനിച്ചത് ശബരിമലയിൽ സ്ത്രീകളെ കയറ്റിയും സ്വർണ്ണം മോഷ്ടിച്ചുമാണ്. അല്ലാതെ പാരഡി പാടിയിട്ടല്ല എന്ന് മനസ്സിലാക്കാൻ മലയാളിക്ക് കഴിയുമെന്നും ടി സിദ്ദിഖ് പറയുന്നു.
ഗാനത്തിന് എതിരെ രാജ്യസഭാ എംപി എ.എ.റഹീമും രംഗത്തെത്തി. പാരഡി ഗാനത്തിന് എതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഎമ്മിന്റെയും ആവശ്യം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നത്