തൃശൂർ ചാവക്കാട് വാഹന പരിശോധനയ്ക്കിടെ 20 കിലോ കഞ്ചാവുമായി എത്തിയ സംഘത്തിൽ പെട്ട ഒരാൾ കനാലിൽ ചാടി. രണ്ടുപേർ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. അന്വേഷണം ഊർജ്ജിതമാക്കി ചാവക്കാട് പൊലീസ്.
പുലർച്ചെ ഏഴരയോടുകൂടിയാണ് ഒഡീഷ രജിസ്ട്രേഷൻ എക്സ്യുവി വണ്ടിയിൽ 20 കിലോ കഞ്ചാവുമായി നാലംഗ സംഘം എത്തിയത്. ഒഡീഷയിൽ നിന്നും ലഹരി കടത്ത് സംഘം തൃശൂരിലേക്ക് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ ലഹരി വിരുദ്ധ സ്ക്വാഡ് വാഹന പരിശോധന നടത്തിയത്.
ഇവരെ കണ്ടതും ചാവക്കാട് പാലത്തിൽ വണ്ടി നിർത്തി സംഘത്തിൽ പെട്ട മൂന്നുപേർ ഇറങ്ങിയോടി . ഒരാൾ കനോലി കനാലിലേക്ക് ചാടിയെങ്കിലും പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. മറ്റൊരാളെ വാഹനത്തിനുള്ളിൽ നിന്ന് ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. രണ്ടുപേർ പോലീസിൻറെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. അവർക്കായി പരിസരപ്രദേശങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ചാവക്കാട് പൊലീസ്.