കണ്ണും കാതും എത്തുന്ന എവിടെയും ഒരു മരണം നടന്നാൽ മറ്റ് ആരറിയും മുൻപേ തൃശൂർ കണ്ടശാംകടവ് സ്വദേശി ബെന്നി അറിയും. മരണവീടുകൾ കയറിയിറങ്ങി 300 ലേറെ ജീവിതങ്ങളിലേക്ക് കണ്ണും കാഴ്ചയും തുന്നിച്ചേർത്ത ഒരു തയ്യൽക്കാരന്റെ ജീവിതകഥയിലേക്ക്.
ഈ ഒറ്റമുറി കടയിൽ സൂചിയും നൂലും കോർത്ത് തുണികളിൽ ഇഴപിരിയാത്ത സൗഹൃദ കഥകൾ നെയ്യുന്ന, വർഷങ്ങളുടെ അനുഭവ സമ്പത്തിൽ തയ്യൽ മെഷീന്‍റെ വേഗവും താളവും ഹൃദയമിടിപ്പാക്കിയ തൃശൂർ കണ്ടശാങ്കടവിലെ ഈ 58 കാരൻ പലരുടെയും ജീവിതത്തിൽ പ്രകാശമായിട്ടുണ്ട്. തന്റെ വീടും കടയും തമ്മിലുള്ള അരമീറ്റർ ചുറ്റളവിൽ മാത്രമല്ല ബെന്നിയുടെ കണ്ണുകൾ പരതുന്നത്, 28 വർഷത്തിനിടയിൽ 170 പേരിൽ നിന്നായി 340 കണ്ണുകളാണ് ഈ തയ്യൽക്കാരൻ ഓടി നടന്ന് ദാനം ചെയ്യിച്ചത്.
ക്ഷണിക്കാതെ എത്തുന്ന മരണം പോലെ, ആർക്കും ക്ഷണിക്കാതെ കയറി ചെല്ലാവുന്ന മരണവീടുകളിലേക്ക് ബെന്നി തന്റെ സൈക്കിളിൽ നേരത്തെ എത്തും. വീട്ടിലെ ബന്ധുക്കളോട് നിഷ്കളങ്കമായ ഒരു ചോദ്യം ചോദിക്കും, മരിച്ചയാളുടെ കണ്ണ് ദാനം ചെയ്യുമോ? മറുപടി പലതാണ്. ആട്ടിയിറക്കിവിട്ട സന്ദർഭങ്ങൾ വരെ ബെന്നിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു രൂപയുടെ പ്രതിഫലം പോലും ഇതുവരെ വാങ്ങിയിട്ടില്ല.
ആറുമണിക്കൂറിനുള്ളിൽ മരിച്ചയാളുടെ കണ്ണുകൾ ദാനം ചെയ്യണം. ഈ സമയം ബെന്നിക്ക് നിർണായകമാണ്. പള്ളി മണിയും ആംബുലൻസും ഒക്കെയാണ് ബെന്നിയുടെ വഴികാട്ടികൾ. വിവരം അറിഞ്ഞാൽ അപ്പോൾ തന്നെ കടയ്ക്ക് ഷട്ടർ ഇട്ട് പരജീവിതത്തിന് പ്രകാശമാകാൻ സൈക്കിളുമായി ഇറങ്ങും. അതേ കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ എന്നതു പോലെ ഉൾക്കാഴ്ചയുള്ളവനേ കാഴ്ചയുടെ വിലയറിയൂ.