ഭക്തരുടെ മനസിലെ നിത്യഹരിതനായകൻ ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമ പൂർത്തിയായി. ശില്പി എളവള്ളി നന്ദനാണ് പ്രതിമ പുതുക്കി നിർമ്മിച്ചത്.
ഗജരാജൻ ഗുരുവായൂർ കേശവൻ ചരിത്രത്തിലേക്ക് നടന്നുകയറിയിട്ട് പതിറ്റാണ്ടുകളായി. പക്ഷെ കേരളീയ മനസ്സുകളിൽ ഇന്നും ആ തലപ്പൊക്കത്തിന് വലീയ സ്ഥാനമുണ്ട്. ആ ചരിത്രനായകന്റെ പ്രതിമ വർഷങ്ങളുടെ തിരുത്തലുകൾക്കും കാത്തിരിപ്പിനും ശേഷം യഥാർത്ഥ കേശവഭാവം വീണ്ടെടുത്ത് ഭക്തർക്ക് സമർപ്പിച്ചു.
കേശവൻ ചരിഞ്ഞ സ്ഥലത്ത് 1982-ൽ സ്ഥാപിച്ച പ്രതിമ, കാലപ്പഴക്കം കാരണം ജീർണ്ണിച്ചപ്പോൾ അത് നവീകരിക്കാൻ നടത്തിയ ആദ്യശ്രമം ആനപ്രേമികൾക്ക് നിരാശ നൽകി. പ്രതിമയ്ക്ക് 'കേശവന്റെ ചന്തം' പോരെന്ന പരാതി ഉയർന്നതോടെ ദേവസ്വം ഭരണസമിതി വീണ്ടും നവീകരണത്തിന് തീരുമാനിച്ചു. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ശില്പി എളവള്ളി നന്ദനും 12 അംഗ സംഘവുമാണ് പ്രതിമ പൂർത്തീകരിച്ചത്. കേശവന്റെ നിരവധി ചിത്രങ്ങൾ ശേഖരിച്ച്, നാല് മാസത്തെ നിരന്തര പരിശ്രമത്തിലൂടെയാണ് ശില്പി ഈ ദൗത്യം പൂർത്തിയാക്കിയത്. പുതിയ പ്രതിമയ്ക്ക് യഥാർത്ഥ കേശവന്റെ അതേ പ്രൗഢി തിരിച്ചുകിട്ടിയെന്നാണ് ആനപ്രേമികൾ പറയുന്നത്.