തൃശൂര്‍ കോര്‍പറേഷനില്‍ ഇടതുമുന്നണിയില്‍ പതിനേഴ് സിറ്റിങ് കൗണ്‍സിലര്‍മാരെ ഒഴിവാക്കി. സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവ് വര്‍ഗീസ് കണ്ടംക്കുളത്തിയ്ക്കു ഇക്കുറി കോര്‍പറേഷനില്‍ സീറ്റില്ല.
എല്‍.ഡി.എഫിന്‍റെ ഏഴു സിറ്റിങ് കൗണ്‍സിലര്‍മാര്‍ക്കു മാത്രമാണ് വീണ്ടും സീറ്റ് കിട്ടിയത്. സി.പി.എമ്മില്‍ അഞ്ചു കൗണ്‍സിലര്‍മാര്‍ മാത്രം വീണ്ടും മല്‍സരിക്കും. സി.പി.എം നേതാക്കളായ വര്‍ഗീസ് കണ്ടംക്കുളത്തി, പി.കെ.ഷാജന്‍, അനൂപ് ഡേവിസ് കാട എന്നിവര്‍ മല്‍സരിക്കുന്നില്ല. സി.പി.ഐയില്‍ ഒരു സിറ്റിങ് കൗണ്‍സിലര്‍ക്കു മാത്രമാണ് സീറ്റ് കിട്ടിയത്. പ്രഖ്യാപിച്ച സീറ്റുകളില്‍ മുപ്പത്തിയേഴു പേര്‍ പുതുമുഖങ്ങളാണ്. മൂന്ന് മുന്‍ കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫില്‍ മല്‍സരിക്കുന്നുണ്ട്. ഇതിലൊരു കൗണ്‍സിലര്‍ നേരത്തെ മല്‍സരിച്ചത് ബി.ജെ.പി ടിക്കറ്റിലും. തലമുറ മാറ്റമാണ് എല്‍.ഡി.എഫ്. നേതാക്കള്‍ പറയുന്നു.
56 ഡിവിഷനുകളിലേക്കാണ് കോര്‍പറേഷനില്‍ മല്‍സരം. 38 ഡിവിഷനുകളില്‍ സി.പി.എം. മല്‍സരിക്കും. എട്ടു ഡിവിഷനുകളില്‍ സി.പി.ഐയും. ബാക്കിയുള്ള പത്തു സീറ്റുകളില്‍ ജനതാദള്‍ എസ്, കേരള കോണ്‍ഗ്രസ് എം, ആര്‍.ജെ.ഡി , എന്‍.സി.പി. ഘടകക്ഷികള്‍ മല്‍സരിക്കും. കഴിഞ്ഞ തവണ എല്‍.ഡി.എഫിനു കിട്ടിയത് ഇരുപത്തിനാലു സീറ്റുകളാണ്.