തൃശൂർ കുരിയച്ചിറയിൽ തെരുവനായ ശല്യത്തിന് എതിരെ പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ. നാലു സ്കൂളുകളുകളിലായി നൂറുകണക്കിനു വിദ്യാർഥികൾ വരുന്ന ഇടം കൂടിയാണ് കുരിയച്ചിറ. കുരിയച്ചിറയിലെ കൂട്ടായ്മയായ കുട എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കുരിയച്ചിറയിൽ തെരുവുനായ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം തൃശൂർ കോർപറേഷന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലം ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തെരുവുനായകളെ പിടിച്ചാൽതന്നെ പാർപ്പിക്കാൻ സ്ഥലമില്ലെന്നാണ് കോർപറേഷൻ അധികൃതരുടെ നിലപാട്. എന്തു ധൈര്യത്തിലാണ് റോഡിലൂടെ യാത്ര ചെയ്യുകയെന്ന് നാട്ടുകാർ ചോദിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഷേധം രേഖപ്പെടുത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.