ചികിൽസയ്ക്കിടെ യുവാവ് മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ പ്രതിഷേധം. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിൽസയ്ക്കിടെ 41കാരന്‍ മരിച്ചത്. തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ആണ് മരിച്ചത് .
ഹെർണിയ ചികിൽസയ്ക്കു വേണ്ടിയാണ് ഇല്യാസ് ആശുപത്രിയിൽ വന്നത്. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലായിരുന്നു ചികിൽസ . സ്വയം ബൈക്ക് ഓടിച്ചാണ് രാവിലെ ആശുപത്രിയിൽ വന്നത് . ശസ്ത്രക്രിയ ഉടനെ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഉച്ചയ്ക്കുശേഷം ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെ മരണവിവരമാണ് ബന്ധുക്കളെ അറിയിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ ആരോപിച്ചു. അനസ്തേഷ്യയിലെ പിഴവാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി. ചികിത്സിച്ച ഡോക്ടർമാരുടെ വിഡിയോ നവ മാധ്യമങ്ങളിൽ നാട്ടുകാർ പ്രചരിപ്പിച്ചു. ആശുപത്രിക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മരണകാരണം സംബന്ധിച്ച് ആശുപത്രി അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.