കൊച്ചി സ്വദേശിയായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കിയ വാര്‍ത്ത വലിയ ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ആദായ നികുതി പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവിലെ സർജാപൂരിൽ സെന്റിന് 6000 രൂപയും ഏക്കറിന് 6 ലക്ഷം രൂപയും കൊടുത്ത് വലിയ അളവില്‍ വസ്തു വാങ്ങിയ ആളാണ് ഡോ. സിജെ റോയ്, പിന്നീട് സെന്‍റിന് 12 ലക്ഷവും ഏക്കറിന് 12 കോടി രൂപയിലധികവുമായി അവിടെ ഭൂമിയുടെ വില. ഇത് അദ്ദേഹം തന്നെ ഒരു സ്വകാര്യ യൂട്യൂബ് ചാലലിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നതാണ്. ഈ ഒരു വിഷന്‍ വെച്ചാണ് റിയല്‍ എസ്റ്റേറ്റിനിറങ്ങേണ്ടതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
തിരുവനന്തപുരം മീനങ്കുളത്ത് 35000 രൂപക്കാണ് സെന്‍റിന് അദ്ദേഹം വസ്തു വാങ്ങിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അത് 10 ലക്ഷത്തിലധികമായി. ഇത്തരത്തില്‍ ഭാവിയില്‍ വലിയ വികസനം വന്ന് വസ്തുവിന് വില കൂടുമെന്ന് അകക്കണ്ണ് കൊണ്ട് കണ്ട് ആ വസ്തു ചെറിയ വിലയ്ക്ക് വാങ്ങി വന്‍ ലാഭം കൊയ്ത ആളായിരുന്നു ഡോ. സി ജെ റോയ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറായിരുന്ന സി ജെ റോയ് കഴിഞ്ഞ ദിവസങ്ങളിലായി വളരെ അസ്വസ്തനായിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഈയിടെ ആദായ നികുതി പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം. അശോക് നഗർ പൊലീസ് സംഭവ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തുകയാണ്. ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.