തൃശൂർ വരവൂരിൽ മാലിന്യ പ്ലാന്‍റിലേയ്ക്ക് അറവു മാലിന്യവുമായി വന്ന വാഹനം നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തിനിടെ വീട്ടമ്മ തളർന്നു വീണു. സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റി.  

തൃശൂർ വരവൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ മാലിന്യ സംസ്ക്കരണ പ്ലാന്‍റാണിത്. ജനവാസമേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ജനങ്ങളുടെ എതിർപ്പ് രൂക്ഷമായിരുന്നു. ജനങ്ങൾ സമരത്തിലുമാണ്. സമാന്തരമായി നിയമപോരാട്ടം നടക്കുന്നുമുണ്ട്. ഇതിനിടെ, അറവുമാലിന്യവുമായി മാലിന്യ സംസ്ക്കരണ പ്ലാന്‍റിലേക്ക് വണ്ടി വന്നു. നാട്ടുകാർ തടയുകയായിരുന്നു. 

എരുമപ്പെട്ടി, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ ഉദ്യോഗസ്ഥർ എത്തിയാണ് സമരക്കാരെ നേരിട്ടത്. പ്രതിഷേധം തുടരുന്നതിനിടെ വരവൂർ സ്വദേശിനി ഫാത്തിമ കുഴഞ്ഞുവീണു. ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിന്യ പ്ലാന്‍റിന് എതിരെ ജനരോഷം ശക്തമാണ്. പ്ലാന്‍റി അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് നാട്ടുകാർ വ്യക്തമാക്കി. 

പരിസരത്താകെ ദുർഗന്ധം രൂക്ഷമാണ്. ജലസ്രോതസുകള്‍ മലിനമായെന്നും നാട്ടുകാർ പറയുന്നു. 

ENGLISH SUMMARY:

Thrissur waste plant protest intensifies as locals block a vehicle carrying slaughter waste to a private waste treatment plant in Varavoor. The protest, against the plant operating in a residential area, led to a resident collapsing and police intervention.