തൃശൂർ മിണാലൂരിൽ അടച്ചിട്ട സ്വകാര്യ കമ്പനിയിൽ കവർച്ച. പത്തു ലക്ഷം രൂപയുടെ യന്ത്രസാമഗ്രികൾ കവർന്നു. വടക്കാഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.
മിണാലൂരിൽ കേളത്ത് സ്കാഫോൾഡിങ്ങ് കമ്പനിയിലാണ് മോഷണം. ഷട്ടറിന്‍റെ പൂട്ട് തകർത്തു. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അസുഖം കാരണം അവധിയിലായിരുന്നു. കമ്പനിയുടമ സ്ഥലത്ത് എത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. കോൺക്രീറ്റിങ്ങ് നിർമാണ പ്രവർത്തനങ്ങൾക്കായുള്ള ടൂളുകൾ നിർമ്മിക്കുന്ന ഭാരമേറിയ ഇരുമ്പ് ഡൈകളാണ് വൻതോതിൽ മോഷണം പോയത്. പല ദിവസങ്ങളിലായാണ് മോഷണം നടന്നത് എന്നാണ് നിഗമനം.ഒരാൾക്ക് ഒറ്റക്ക് എടുത്തുയർത്താൻ കഴിയുന്നതല്ല ഒരു ഇരുമ്പ് ഡൈ. അത് കൊണ്ട് തന്നെ മോഷണത്തിന് പിന്നിൽ ഒരു സംഘം തന്നെയുണ്ട് എന്നാണ് സൂചന. കമ്പനിക്കു പുറകിലെ മതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഇതിനുപയോഗിച്ച കമ്പിപ്പാരയും മറ്റും പരിസരത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ഭീമമായ നഷ്ടമാണ് സംഭവിച്ചതെന്ന് കമ്പനിയുടമ ഹാരിസ് പറയുന്നു.
മോഷണ വസ്തുക്കൾ പരിസര പ്രദേശങ്ങളിലെ ആക്രി കച്ചവട സ്ഥാപനങ്ങളിൽ വിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. കമ്പനിക്കു പുറകിലെ പറമ്പിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നതും പൊലീസ് പറയുന്നു.