തൃശൂര്‍ എം.ജി.റോഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശ തൊഴില്‍ സ്ഥാപനത്തിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇരച്ചുക്കയറി. തൊഴില്‍തട്ടിപ്പ് ആരോപിച്ചായിരുന്നു പ്രതിഷേധം.
വിദേശത്ത് തൊഴില്‍ വാഗ്ദാനം. രണ്ടും മൂന്നും ലക്ഷം വരെ ഉദ്യോഗാര്‍ഥികള്‍ നല്‍കി. രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞു. പണവുമില്ല ജോലിയുമില്ല. 125 പേര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്ഥാപനത്തിന്‍റെ ഉടമകളും ഉദ്യോഗാര്‍ഥികളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നു. നല്‍കിയ തുക തിരിച്ചുകിട്ടാന്‍ ചെക്ക് വിതരണം ചെയ്തിരുന്നു. ഈ ചെക് ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്ന് പറഞ്ഞ് മടക്കി. നിര്‍ധന കുടുംബാംഗങ്ങളാണ് പരാതിക്കാരില്‍ ഭൂരിഭാഗവും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍. തൃശൂര്‍ കോര്‍പറേഷനിലെ സി.പി.എം. കൗണ്‍സിലറും ഡി.വൈ.എഫ്.ഐ. നേതാവുമായ രാഹുലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ ഉടമയെ തടഞ്ഞുവച്ചു. പൊലീസ് എത്തി ചര്‍ച്ച നടത്തി.
പണം തിരിച്ചു നല്‍കാമെന്ന ഉറപ്പിന്‍മേലാണ് പിരിഞ്ഞത്. ഇനിയും തുക തിരിച്ചുകൊടുത്തില്ലെങ്കില്‍ സ്ഥാപനത്തിന് എതിരെ പ്രതിഷേധം തുടരും.