എൺപതുകളിൽ തൃശൂരിനെ കോരിത്തരിപ്പിച്ചിട്ടുള്ള ഒരു ബ്രേക്ക് ഡാൻസ് സംഘം ഉണ്ടായിരുന്നു. ഇവരുടെ ബ്രേക്ക് ഡാൻസിന് ബ്രേക്ക് വീണെങ്കിലും സുഹൃത്ത് ബന്ധത്തിന് യാതൊരു കോട്ടവും വന്നിട്ടില്ല. ഡാൻസിലൂടെ ഒരുമിച്ച ആ ഉറ്റ സുഹൃത്തുക്കളെ പരിചയപ്പെടാം.
80 കളിൽ തരംഗം സൃഷ്ടിച്ചവരാണ് ഇവർ ഓരോരുത്തരും. ബാഗി ജീൻസും മുടിയും നീട്ടി വളർത്തി തൃശൂരിലെ പള്ളിപ്പെരുന്നാളുകളിൽ ആടിത്തിമർത്തവർ. വീഡിയോ കാസറ്റുകളിൽ നിന്ന് ബ്രേക്ക് ഡാൻസ് പഠിച്ചെടുത്ത സംഘം അന്നത്തെ താരങ്ങളായിരുന്നു. പ്രായം ഏറെ മുന്നോട്ടു പോയെങ്കിലും അവരുടെ ചുവടുകളുടെ താളം എവിടെയൊക്കെയോ ഒളിച്ചിരിപ്പുണ്ട്.
ഇക്കൂട്ടത്തിൽ ബ്രേക്ക് ഡാൻസിലെ കേമൻ ഷെൽട്ടൻ ആയിരുന്നു. ഓൾ കേരള ബ്രേക്ക് ഡാൻസ് മത്സരത്തിൽ കിരീടം നേടിയ ഷെൽട്ടൻ ഇന്ന് പെയിൻറിങ് ജോലിയിലൂടെ ജീവിതത്തിന് നിറം കണ്ടെത്താൻ ശ്രമിക്കുന്നു. ഈ ജോലിത്തിരക്കിനിടയിലും ഇവർ ഓരോരുത്തരും പണ്ടത്തെ ആ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.
കാലം മാറിയപ്പോൾ കഥയും മാറി. ജീവിതത്തിൻറെ നൊമ്പരങ്ങളാണ് ഷെൽട്ടനെയും സംഘത്തെയും ബ്രേക്ക് ഡാൻസിൽ നിന്ന് അകറ്റിയത്. എന്നാലും അവർ ചിതറിയ ചുവടുകൾ കൂട്ടിച്ചേർത്ത് കലയ്ക്കും ജീവിതത്തിനും താളം കണ്ടെത്താനുള്ള ശ്രമത്തിലാണ്. കാത്തിരിക്കാം ഇവരുടെ തിരിച്ചുവരവിന്.